കേസിലെ പ്രതികളായ അലീന, സിന്ധു, മഞ്ജിമ

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിലെ ഒന്നാം പ്രതി സിന്ധുവിനെ ജൂണ്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്നും കൂട്ടബലാല്‍സംഗത്തിന്റെ ദൃശ്യം പകര്‍ത്തിയത് സിന്ധുവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റും. കേസിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 

സിന്ധുവിന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള അലിസ ഇവന്‍റസ് എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്. ടിക്കറ്റിനും വിസയ്ക്കുമുള്ള പണമായി ഏതാണ്ട് 4.75 ലക്ഷം രൂപ പരാതിക്കാരി സിന്ധുവിന് നല്‍കിയിട്ടുണ്ട്.  2026 ഫെബ്രുവരി 20 തിനാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത്. അപ്പാര്‍ട്ട്മെന്‍റിലെത്തിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലക്കി നൽകി. അബോധാവസ്ഥയിലായ ശേഷം മറ്റ് പുരുഷന്മാരുടെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൂട്ടബലാൽസംഘം നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സിന്ധു ഇവ പരാതിക്കാരിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചു നൽകി എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 

എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സമയം തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് സിന്ധു കോടതിയെ അറിയിച്ചത്. ഹൃദ്രോഗമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെന്നും രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്നുമുള്ള കാര്യങ്ങളാണ് സിന്ധു കോടതിയെ അറിയിച്ചത്. എന്നാല്‍ ജൂണ്‍ നാലു വരെ സിന്ധുവിനെ കോടതി റിമാന്‍ഡ് ചെയ്തു. നാളെ ജാമ്യാപേക്ഷ സമർപ്പിക്കും എന്നും സിന്ധു കോടതിയിൽ വ്യക്തമാക്കി. 

നിലവില്‍ മൂന്ന് പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഒന്നാം പ്രതിയാണ് സിന്ധു. രണ്ടും മൂന്നും പ്രതികളായ അലീനയും മഞ്ജിമയും നിലവിൽ റിമാൻഡിലാണ്. മൂന്നുപേര്‍ക്കുമായി നിലവിൽ കസ്റ്റഡിയപേക്ഷ പൊലീസ് നൽകിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയപേക്ഷ പൊലീസ് നൽകി മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. നിരവധി സ്ത്രീകൾ ഇവരുടെ ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ രണ്ടു പേരാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. 

ENGLISH SUMMARY:

Human trafficking under the guise of modeling has led to the remand of the prime accused, Sindhu, until June 4th. The remand report details her alleged connections to gangster groups and her role in filming a gang rape incident.