Image Credit: X

Image Credit: X

സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് നാലാംനാള്‍ നവവധുവിനെ ചുട്ടുകൊന്നു. ബിഹാറിലെ അറായി സ്വദേശിനി സഞ്ജുകുമാരി(23)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മേയ് ഏഴിനായിരുന്നു വിനോദ് പാല്‍ എന്ന യുവാവുമായി സഞ്ജുവിന്‍റെ വിവാഹം നടന്നത്. ആഡംബരമായി സഞ്ജുകുമാരിയെ വീട്ടുകാര്‍ വിവാഹം കഴിച്ച് അയച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

നാല് ലക്ഷം രൂപയും ബൈക്കും ഫ്രിജും,കുക്കറും മറ്റ് ഫര്‍ണിച്ചറുകളും , സ്വര്‍ണം, വെള്ളി ആഭരണങ്ങളും വരന്‍റെ വീട്ടിലേക്ക് സ്ത്രീധനമായി നല്‍കി. വിവാഹ ദിവസം വരന്‍റെ വീട്ടുകാര്‍ ഒരു സ്വര്‍ണമാല കൂടി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് തരാമെന്നും സമയമുണ്ടല്ലോ എന്നുമായിരുന്നു സഞ്ജുവിന്‍റെ മാതാപിതാക്കളുടെ മറുപടി. ഇതില്‍ വിനോദിന്‍റെ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. സ്വര്‍ണമാല വാങ്ങാന്‍ ഗതിയില്ലാത്ത വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ സഞ്ജുകുമാരിയെ പരിഹസിച്ചുവെന്നാണ് സഞ്ജുവിന്‍റെ സഹോദരന്‍ പറയുന്നത്. 

ഭര്‍തൃമാതാവും വീട്ടുകാരും ചേര്‍ന്ന് ശാരീരികമായും മാനസികമായും സഞ്ജുകുമാരിയെ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം സൂറത്തിലെ ജോലിസ്ഥലത്തേക്ക് വിനോദ് മടങ്ങിപ്പോയി. ഭര്‍തൃവീട്ടുകാര്‍ സഞ്ജുവിനെ സ്വന്തം വീട്ടിലേക്ക് ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. രഹസ്യമായി വിളിച്ചത് കണ്ടതും പിടിച്ച് പൊതിരെ തല്ലിയെന്നും കുടുംബം പറയുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് ഇതിനകം സഞ്ജുകുമാരി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട് മാറിയതിന്‍റെ ബുദ്ധിമുട്ടാണ്, വേഗം ശരിയാകുമെന്നായിരുന്നു സഞ്ജുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞത്. 

മേയ് 13ന് സഞ്ജു വീട്ടിലേക്ക് എത്താനിരുന്നതാണ്. ഇക്കാര്യം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ വിനോദിന്‍റെ അമ്മ ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയെന്നും 'ജീവനോടെ നിന്‍റെ പെങ്ങള്‍ ഇവിടെ നിന്ന് വരില്ല, അവളുടെ ശവമാകും എത്തുക' എന്ന് പറഞ്ഞുവെന്നും സഞ്ജുവിന്‍റെ കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും സഹോദരന്‍ ശിവം പറയുന്നു. 

സ്ഥിതി വഷളാണെന്ന് മനസിലായതോടെ സഞ്ജുവിന്‍റെ വീട്ടുകാര്‍ പിറ്റേന്ന് വിനോദിന്‍റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അതിന് മുന്‍പ് തന്നെ പൊലീസില്‍ നിന്നും ശിവത്തിന് ഫോണ്‍ വന്നു. സഞ്ജുകുമാരിയെ ഭര്‍തൃവീട്ടുകാര്‍ കൊന്ന് മറവ് ചെയ്തെന്ന് അയല്‍വാസികള്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു.  വിവരം പുറത്തറിഞ്ഞെന്ന് മനസിലായതോടെ വീട് പൂട്ടി ഭര്‍തൃവീട്ടുകാര്‍ ഒളിവിലും പോയി. സഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചുകളഞ്ഞുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് വിനോദ്, വിനോദിന്‍റെ മാതാവ്, സഹോദരന്‍, സഹോദരി എന്നിവരെ അറസ്റ്റ് ചെയ്തു.

 

ENGLISH SUMMARY:

In a horrific case of dowry death in Bihar’s Arrah, a 23-year-old bride named Sanju Kumari was allegedly murdered by her in-laws just four days after her wedding. The conflict reportedly stemmed from an additional demand for a gold chain, leading the husband's family to subject her to severe physical and mental torture. Despite having received a substantial dowry of ₹4 lakh, a bike, and jewelry, the in-laws allegedly strangled Sanju and burnt her body to destroy evidence. Neighbors alerted the police after the family locked their house and fled following the crime. Based on the victim's family's complaint, the police have arrested Sanju's husband Vinod, his mother, and two siblings.