വിവാഹ വാര്‍ഷികാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്‍റെ കസേര കൊണ്ടുള്ള അടിയേറ്റ് പിതാവ് മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി തോമസ് എബ്രഹാമാണ് മകന്‍ ഷാനുവിന്‍റെ ആക്രമണത്തില്‍ മരിച്ചത്. തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധുവിനെയും കുത്തിപ്പരുക്കേല്‍പ്പിച്ച ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോയമ്പത്തൂരില്‍ ആയുര്‍വേദ തെറാപ്പിസ്റ്റായ ഷാനുവിന്‍റെ വിവാഹ വാര്‍ഷിക ആഘോഷച്ചടങ്ങ് അമ്പൂരി തുടിയന്‍കോണത്തെ കുടുംബവീട്ടില്‍. രാത്രിയില്‍ ബന്ധുക്കളുമായുള്ള തര്‍ക്കം പിന്നീട് കലഹമായി. തോമസ് എബ്രഹാമും ഷാനുവും നേര്‍ക്കുനേര്‍. പ്രകോപിതനായ ഷാനു കസേര ഉയര്‍ത്തി അച്ഛനെ അടിച്ചു. തളര്‍ന്ന് വീണ തോമസ് എബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു ബിനു വര്‍ഗീസിനെ ഷാനു കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇയാള്‍ ചികില്‍സയിലാണ്. 

അബദ്ധം സംഭവിച്ചുവെന്നാണ് ഷാനു പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസേര ഉയര്‍ത്തിയ സമയം പിതാവ് ഭിത്തിയിലിടിച്ച് വീണതാണെന്നും ആക്രമിച്ചിട്ടില്ലെന്നുമാണ് ഷാനുവിന്‍റെയും കുടുംബാംഗങ്ങളുടെയും നിലപാട്. കോയമ്പത്തൂരിലെ തെറാപ്പിസ്റ്റ് ജോലി ഒഴിവാക്കി ഷാനു മലേഷ്യയിലേക്ക് മാറാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. കൊലയ്ക്കും യുവാവ് ബന്ധുവിനെ ആക്രമിച്ചതിനും പ്രകോപനമല്ലാതെ മറ്റ് കാരണങ്ങളുണ്ടോ എന്നതും അന്വേഷിക്കുമെന്ന് വെള്ളറ പൊലീസ് അറിയിച്ചു.