തൃശൂർ ചേലക്കരയിലെ അൻസാർ അലിയുടെ കൊലപാതകത്തിൽ ജ്യേഷ്ഠന്റെ സുഹൃത്തും അറസ്റ്റിൽ. സുഹൃത്ത് അനീഷിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ ജ്യേഷ്ഠൻ അൻവർ അലി റിമാൻഡിലാണ്.ശനിയാഴ്ച രാത്രിയിൽ അൻവറിന് ഒപ്പമുണ്ടായിരുന്ന 33 കാരൻ അനീഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി.വീടിന്റെ കോണിപ്പടിയിൽ മരിച്ച നിലയിലായിരുന്നു 27 കാരൻ അൻസാർ അലിയുടെ മൃതദേഹം കണ്ടെടുത്തത്.തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. തലയിൽ നാലിഞ്ചു നീളത്തിലും ശരീരത്തിൽ ഏഴ് ഇഞ്ച് നീളത്തിലുമുള്ള മുറിവുകൾ പൊലീസ് കണ്ടെത്തി. ഈ മുറിവുകൾ ആയുധമുപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് നിഗമനത്തിലാണ് അന്വേഷണം കൊലപാതകത്തിലേക്ക് എത്തിയത്.സഹോദരങ്ങൾ തമ്മിൽ തറവാട് വീടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പൊലീസെത്തി പരിഹരിച്ചിരുന്നു. ഇതിനുശേഷമാണ് മരണ സംഭവിച്ചത്. കൊല്ലപ്പെട്ട അൻസാർ അലി കൂട്ടുകാരുമൊത്ത് വീട്ടിലെത്തി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നു. ഇതും തർക്കം മുറുകാൻ കാരണമായി. കൊലപാതകത്തിന് ശേഷം അൻവർ അലി വീടുപൂട്ടി പുറത്തേക്ക് പോയി.

ഞായറാഴ്ച ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അൻവറിനെ ചോദ്യം ചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചു.ഇരുവരുടെയും ഇളയ സഹോദരൻ അജ്മൽ അലി പ്രശ്നങ്ങളെ തുടർന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഗർഭിണിയായതിനാൽ അൻവറിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ മാതാപിതാക്കൾ വർഷങ്ങൾക്കു മുന്നേ മരിച്ചു. വരും ദിവസങ്ങളിൽ പ്രതികളെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുന്നതോടെ കൊലപാതകത്തിന്റെ പൂർണ്ണരൂപം വ്യക്തമാകുമെന്ന് അന്വേഷണസംഘം കരുതുന്നത്.

 

ENGLISH SUMMARY: