യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന അതേദിവസം കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസില്‍ വിചാരണയും ആരംഭിക്കുന്നു. നാളെ തലശേരി കോടതിയിലാണ് സിപിഎമ്മുകാര്‍ പ്രതികളായ കേസില്‍ വിചാരണ ആരംഭിക്കുന്നത്. ഇടതു സര്‍ക്കാരിന്‍റെ തടസങ്ങളെല്ലാം മറികടന്നാണ് ഷുഹൈബ് കേസ് വിചാരണാ ഘട്ടത്തിലേക്കെത്തിയത്. 

2018 ഫെബ്രുവരി 12 ന് രാത്രി എടയന്നൂരില്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ കൊലപാതക കേസ് അന്തിമ ഘട്ടത്തിലെത്തുന്നത് പിണറായി പടിയിറങ്ങി വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്ന അതേദിവസം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 8 വർഷം കുടുംബവും കോൺഗ്രസും നടത്തിയ നിയമ, രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് വിചാരണയ്ക്ക് തുടക്കമാകുന്നത്. 17 സിപിഎം പ്രവർത്തകരാണ് പ്രതികൾ . 

പ്രതികൾക്ക് വേണ്ടി പിണറായി സർക്കാർ ഉന്നയിച്ച തടസ്സവാദങ്ങളാണ് വിചാരണ വൈകാൻ ഇടയാക്കിയത്.

സമാനതകളില്ലാത്ത രീതിയിലാണ് പ്രതികൾക്ക് അനുകൂലമായി സർക്കാർ ഇടപെടലുണ്ടായത്. സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചെങ്കി ലും, ഡിവിഷൻ ബെഞ്ചിനെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ച് സർക്കാർ  അനുകൂല വിധി നേടി. 

സിബിഐ അന്വേഷണത്തിനെതിരെ കോടതിയില്‍ പൊരുതാന്‍ പൊതുഖജനാവിൽനിന്ന് പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് 86 ലക്ഷം രൂപയായിരുന്നു. സിബിഐ ആവശ്യം സുപ്രീംകോടതി തള്ളിയതോടെ സ്വന്തം അഭിഭാഷകനെ വെക്കാനുള്ള കുടുംബത്തിന്‍റെ ആവശ്യത്തിനും സര്‍ക്കാര്‍ വിലങ്ങുതടിയായി നിന്നു. 

കുടുംബം കോടതിയെ സമീപിക്കുകയും തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുമെന്ന് കുടുംബം സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് സ്വന്തം അഭിഭാഷകനെ വെക്കുന്നതിന് അനുമതി നല്‍കിയത്. ഇതിന്‍റെ ചിലവ് കെപിസിസിയാണ് വഹിക്കുന്നത്. 

നാളെ മുതൽ ജൂലൈ 10 വരെ തുടർച്ചയായി വിചാരണ നടക്കും. ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥർ ഒഴികെയുള്ള 137 സാക്ഷികളെ വിസ്‌തരിക്കും

ENGLISH SUMMARY:

The Shuhaib murder case trial begins on the same day the UDF government takes power, marking a significant milestone after years of legal and political battles. This case involves CPM workers accused of the brutal murder of a Youth Congress activist in Kannur, highlighting a history of political violence in Kerala