Image: instagram.com/ashu_uuu
വിവാഹമോചിതനായ അറുപതുകാരനില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവത്തില്‍ പ്രമുഖ ടോളിവുഡ് നടി വെങ്കിട്ട അശ്വിനി റെഡ്ഡിക്കും (അഷു റെഡ്ഡി) കുടുംബാംഗങ്ങൾക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ലണ്ടൻ മലയാളിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വൈ.വി.ധർമ്മേന്ദ്രയെ കബളിപ്പിച്ചതിലാണ് കേസ്. വിവാഹവാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തിയാണ് പരാതി നല്‍കിയത്.
2018-ൽ ഹൈദരാബാദിൽ വെച്ചാണ് ധര്‍മ്മേന്ദ്രയും അഷു റെഡ്ഡിയും പരിചയപ്പെടുന്നത്. തന്റെ കുടുംബത്തെ സന്ദർശിക്കാൻ അവധിക്ക് എത്തിയതായിരുന്നു ധര്‍മ്മേന്ദ്ര. തുടര്‍ന്ന് ഒരു പൊതു സുഹൃത്ത് വഴി നടിയെ പരിചയപ്പെട്ടു. യുഎസിൽ പഠിക്കുകയാണെന്നാണ് നടി ഇയാളോട് പറഞ്ഞത്. രണ്ട് മാസത്തിനുള്ളിൽ ഇരുവരും സുഹൃത്തുക്കളായി. ഒടുവിൽ വിവാഹമോചിതനാണ് എന്നത് തനിക്ക് വിഷയമല്ലെന്നും വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും നടി വാക്കുനല്‍കുകയായിരുന്നു. തുടര്‍ന്ന് ധര്‍മ്മേന്ദ്രനും സമ്മതം മൂളി. ഇതിന് ശേഷമാണ് തട്ടിപ്പ് ആരംഭിക്കുന്നത്.
ഉപരിപഠനത്തിന്‍റെയും സിനിമയുടേയും പേരുപറഞ്ഞ് വലിയ തുകയാണ് നടി ഇയാളില്‍ നിന്നും കൈക്കലാക്കിയത്. തന്റെ എച്ച്-1ബി വിസയിൽ എന്തോ പ്രശ്നമുണ്ടെന്നും യുഎസിൽ ബിരുദാനന്തര ബിരുദത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയെക്കുറിച്ചുമെല്ലാം പറഞ്ഞ് ആദ്യം പണം കൈക്കലാക്കി. പിന്നീട് തന്റെ പിതാവ് സാമ്പത്തികമായി സഹായിക്കുന്നത് നിർത്തിയെന്നും സിനിമയിൽ കരിയർ തുടരാൻ അവൾ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ടും സാമ്പത്തിക സഹായം തേടി. മാത്രമല്ല, ഫ്ലാറ്റ്, സ്വർണം, കാർ എന്നിങ്ങനെ പണമായും അല്ലാതെയും പല സഹായങ്ങളും ഇയാള്‍ ചെയ്തു നല്‍കി. നടിയെ കൂടാതെ, അവരുടെ കുടുംബവും പണം വാങ്ങിയതായി ആരോപിക്കുന്നുണ്ട്.
എന്നാൽ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോളെല്ലാം നടി ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ, 2020 ജൂലൈയിൽ ഇരുകുടുംബങ്ങളും തമ്മില്‍ നേരിട്ട് സംസാരിക്കണമെന്ന് ധർമ്മേന്ദ്ര നിർബന്ധിച്ചപ്പോൾ നടി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാളെ ഒഴിവാക്കാനും തുടങ്ങി. പിന്നീട് ടോളിവുഡിലെ ഒരു പ്രമുഖ നടിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും ആ വാഗ്ദാനവും നടി പാലിച്ചില്ല.
എന്നാല്‍ അവിടെയും ഒന്നും അവസാനിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് 2020 നവംബറിൽ നടിയുടെ കുടുംബം ധർമ്മേന്ദ്രയെ ബന്ധപ്പെട്ടു. വേർപിരിയലിനുശേഷം നടി വിഷാദത്തിലേക്ക് വഴുതിപ്പോയെന്നും അദ്ദേഹത്തെ കാണാനും ബന്ധം തുടരാനും ആഗ്രഹിക്കുന്നതായും കുടുംബം അറിയിച്ചു. അങ്ങിനെ ഇയാള്‍ വീണ്ടും നടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. 2023 നവംബറിൽ ഇതുമായി ബന്ധപ്പെട്ട് നടിയുടെ പിതാവിനെ കാണുകയും ചെയ്തു. വിവാഹത്തിന് കുടുംബം ആദ്യം സമ്മതിച്ചെങ്കിലും 2025 ജൂലൈയിൽ അവർ വീണ്ടും പിന്മാറുകയായിരുന്നു. 2025 ഡിസംബർ മുതൽ എല്ലാ ബന്ധവും ആശയവിനിമയവും നടി അവസാനിപ്പിച്ചു. പിന്നീട് നടിക്ക് മറ്റൊരു ബന്ധമുണ്ടെന്നും അയാളിൽ നിന്ന് പണം തട്ടാൻ ഗൂഢാലോചന നടത്തിയതായും മനസിലാക്കിയതായും പരാതിയിൽ പറയുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318 പ്രകാരം വഞ്ചാനകുറ്റത്തിനാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയെ കൂടാതെ അഷു റെഡ്ഡിയുടെ പിതാവ് വെങ്കിട്ട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കിട്ട ദിവ്യ റെഡ്ഡി എന്നിവരും കേസില്‍ പ്രതികളാണ്. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.