കൊണ്ടോട്ടി പുളിക്കൽ അങ്ങാടിയിലെ 'കനകമഹൽ' ജ്വല്ലറിയിൽ പട്ടാപ്പകൽ സിനിമാ മോഡൽ കവർച്ച. സ്വർണ്ണ വളകൾ വാങ്ങാനെന്ന വ്യാജേനെയെത്തിയ യുവാവ് രണ്ട് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ജ്വല്ലറിയിലെത്തിയ യുവാവ് മൂന്ന് ചെറുവളകൾ നോക്കി വെച്ചു. ഇവ ആർക്കോ അയച്ചുകൊടുക്കാനെന്ന ഭാവത്തിൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തു. വളകൾ കയ്യിൽ വെച്ചുകൊണ്ട് തന്നെ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതായും ജ്വല്ലറി ജീവനക്കാരോട് സംശയങ്ങൾ ചോദിക്കുന്നതായും ഇയാൾ അഭിനയിച്ചു.
ജീവനക്കാരന്റെ ശ്രദ്ധ തെറ്റിയ നിമിഷം യുവാവ് ആഭരണങ്ങളുമായി പുറത്തേക്ക് ഓടുകയായിരുന്നു. ജ്വല്ലറിയിലുണ്ടായിരുന്ന യുവാവ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പുറത്ത് നേരത്തെ തന്നെ സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്ന ബൈക്കിൽ കയറി മോഷ്ടാവ് അതിവേഗം രക്ഷപ്പെട്ടു.
രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ജ്വല്ലറിയിൽ എത്തി പരിശോധന നടത്തി. മോഷ്ടാവ് എത്തിയ ബൈക്കിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.