കോഴിക്കോട് വടകര മേമുണ്ടയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസമാണ് ആഢംബരവാഹനങ്ങളായ ബിഎംഡബ്ല്യൂ കാറും ഹാര്‍ലി ഡേവിസണ്‍ ബൈക്കും ഒരു സ്കൂട്ടറും മോഷണം പോയത്. കുടുംബത്തിന്‍റെ പരാതിയില്‍ വടകര പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് അടുത്തബന്ധുവും. ഇതോടെ പരാതി പിന്‍വലിച്ചെങ്കിലും സംഭവം കുടുംബത്തിലെ ആഭ്യന്തരപ്രശ്നമായി.
ഇന്നലെ രാവിലെയാണ് പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് കാറും ബൈക്കും സ്കൂട്ടറും മോഷണം പോയത്. പോര്‍ച്ചിലുണ്ടായിരുന്ന മറ്റൊരു ആഢംബര കാറും മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ട്ടാവത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കുടുംബം വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഈ സമയത്ത് ഒരു കാര്‍ വീട്ടില്‍ വന്നത് ജോലിക്കാരന്‍ കണ്ടിരുന്നു. എന്നാല്‍ അടുത്ത ബന്ധുവോ സുഹൃത്തോയായിരിക്കുമെന്ന കരുതി ജോലിക്കാരന്‍ ശ്രദ്ധിച്ചില്ല. കുടുംബം തിരിച്ചെത്തിയതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
പല സമയത്തായാണ് വാഹനങ്ങള്‍ കടത്തിയത്. ഒപ്പം സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും യുവാവ് അഴിച്ചുകൊണ്ടുപോയി. വീടിനുള്ളിലെ ലോക്കറില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ കടത്തിയത്. ആഢംബരവീടായതിനാല്‍ ഗേറ്റും റിമോട്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ റിമോട്ട് ഉപയോഗിച്ച് ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കൊണ്ടുപോയതിനാല്‍ 'കള്ളന്‍ കപ്പലില്‍' തന്നെയായിരിക്കുമെന്ന് പൊലീസിന് പിടികിട്ടിയിരുന്നു. ഹാര്‍ലി ഡേവിസണ്‍ ബൈക്കുമായി പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് മോഷ്ടാവ് അടുത്ത ബന്ധുവാണെന്ന് തിരിച്ചറിഞ്ഞത്. വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനിലാണ് 28കാരനായ യുവാവ് ഉപേക്ഷിച്ചത്. അടുത്തബന്ധുവായതിനാല്‍ കുടുംബം പരാതി പിന്‍വലിച്ചു. ബിസിനസുമായി ബന്ധപ്പെട്ടുള്ള കുടുംബതര്‍ക്കത്തെ തുടര്‍ന്നാണ് വാഹനങ്ങള്‍ കടത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ പ്രതികാരം തീര്‍ക്കാനായിരുന്നു യുവാവിന്‍റെ 'മോഷണം'.