പാലക്കാട് യുവാവിന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാറാണ് (45) മരിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് പ്രതി തലയ്ക്കടിച്ചത്. ഒളിവില്‍ പോയ പ്രതി പ്രഭാകരനായി തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.
അവിവാഹിതനായ ശെന്തിൽകുമാർ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം. കുമാറും ശാന്തിയുടെ മകൻ പ്രഭാകരനും ഒരുമിച്ചു മദ്യപിച്ചു ശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയാണു തർക്കമായത്. തുടർന്ന് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പ്രഭാകരൻ പൈപ്പ് കൊണ്ടു ശെന്തിൽകുമാറിന്റെ തലയിൽ അടിക്കുകയായിരുന്നു.
പരുക്കേറ്റ ശെന്തിൽകുമാറിനെ വീട്ടുകാർ വേലന്താവളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിവിസി പൈപ്പിനകത്ത് ഇരുമ്പുകമ്പി പോലെ ഭാരമുള്ള മറ്റേതോ വസ്തു ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം തന്റെ ഇരുചക്ര വാഹനത്തിൽ സംസ്ഥാന അതിർത്തി കടന്ന പ്രഭാകരനു വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.