ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടു. ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണിയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് സജയനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് ഇരട്ടയാറിനെ നടുക്കിയ കൊലപാതകം നടന്നത്. പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു രാഹുലും സജയനും. ലഹരി മൂത്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് ക്രൂരമായ മർദനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് നിലത്തുവീണ രാഹുലിന്റെ കഴുത്തിൽ തുണി മുറുക്കി സജയൻ ശ്വാസം മുട്ടിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിലായ രാഹുലിന്റെ നെഞ്ചിൽ കയറിയിരിക്കുകയായിരുന്നു സജയൻ. ഉടൻതന്നെ രാഹുലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Idukki murder: A 24-year-old youth, Rahul Sunny, was tragically killed following an argument while consuming alcohol in Idukki's Irattayar. The incident led to his friend, Sajayan, being arrested by Kattappana police after the altercation escalated into a fatal assault.