vizhinjam-bar-murder

തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിനുള്ളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സഹോദരങ്ങള്‍ തല്ലിക്കൊന്നു. വണ്ടിത്തടം സ്വദേശി സുമന്‍ (38)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരങ്ങളായ അച്ചുവും അനന്തുവുമടക്കം നാലുപേര്‍ അറസ്റ്റില്‍. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 

ബാറിലിരിക്കെ ഷാന്‍ എന്ന ചെറുപ്പക്കാരനുമായി യുവാക്കള്‍ വാക്കുതര്‍ക്കമായി. ഇതില്‍ സുമന്‍ ഇടപെട്ടു. പെട്ടെന്ന് സുമന്‍റെ നേരെ സംഘം തിരിഞ്ഞുവെന്നും മര്‍ദനമേറ്റ് അവശനായ സുമന്‍ ബാറിന് പുറത്തേക്കിറങ്ങിയോടിയെന്നും യുവാക്കള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സുമനെ യുവാക്കള്‍ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ വിഡിയോ പകര്‍ത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പൊലീസ് വരും എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോടാ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്‍റെ ചേട്ടനെ അടിച്ച് ചോര വരുത്തിയപ്പോള്‍ ആരും ഇടപെട്ടില്ലല്ലോ എന്നാണ് യുവാക്കളിലൊരാള്‍ പറയുന്നത്. 

മര്‍ദനമേറ്റ് മൃതപ്രായനായ സുമനെ യുവാക്കള്‍ നടുറോഡില്‍ ഉപേക്ഷിച്ച് പോകുകയും ചെയ്തു. കാറില്‍ ഈ വഴി വന്ന യുവാക്കളാണ് സുമനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അച്ചുവിനും അനന്തുവിനുമൊപ്പമുണ്ടായിരുന്ന സൂര്യജിത്തിനെയും കൃഷ്ണപ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

A 38-year-old man named Suman was brutally beaten to death by a group of youths, including two brothers, following a dispute at a bar in Vizhinjam, Thiruvananthapuram. The incident, which occurred late Wednesday night, was caught on CCTV, showing the accused—Achu, Ananthu, Suryajith, and Krishnaprasad—kicking and punching Suman even after he collapsed. According to police, Suman intervened in a verbal spat involving the suspects and another individual named Shan, which provoked the attack. The attackers chased Suman out of the bar and left him dying on the road. Though some passersby rushed him to the hospital, he was declared brought dead. All four suspects have been taken into custody as police continue their investigation.