ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ രാജ്യാന്തര കപ്പല്‍ കമ്പനികള്‍ക്കിടയില്‍ മൂല്യമേറി വിഴിഞ്ഞം തുറമുഖം. പശ്ചിമേഷ്യയിലേക്കുള്ള കടല്‍ വഴിയുള്ള ചരക്ക് നീക്കം ഏതാണ്ട് നിശ്ചലമായതോടെ, നടുക്കടലില്‍ പെട്ടുപോയ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് അഭയത്തിനായി കാത്തിരിക്കുകയാണ്. ബെര്‍ത്തിങിനും കണ്ടെയ്നറുകള്‍ സൂക്ഷിക്കാനുമായി നൂറിലധികം കപ്പലുകളാണ് അനുമതി തേടിയിരിക്കുന്നത്. ‘ക്ഷമിക്കണം, ഒഴിവില്ല’ എന്നാണ് തുറമുഖം അധികൃതരുടെ മറുപടി.
കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാനുള്ള സ്വഭാവിക ആഴമുള്ള രാജ്യത്തെ ഒരേയൊരു തുറമുഖം. രാജ്യാന്തര കപ്പല്‍ ചാലിന്‍റെ പത്ത് നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള തുറമുഖം. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രാജ്യാന്തര കപ്പല്‍ ഗതാഗത ഭൂപടത്തില്‍ വിഴിഞ്ഞത്തിന്‍റെ നിര്‍ണായക സ്ഥാനം അടയാളപ്പെടുത്തുന്നതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം.
യുദ്ധം തുടങ്ങിയ ശേഷം പശ്ചിമേഷ്യയിലേക്കുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ദുബൈ ഉള്‍പ്പെടെ സുപ്രധാന തുറമുഖങ്ങളിലേക്ക് പുറപ്പെട്ട കപ്പലുകള്‍ നടുക്കടലില്‍ പെട്ട് കിടക്കുകയാണ്. ഈ കപ്പലുകളാണ് വിഴിഞ്ഞത്ത് അഭയം തേടുന്നത്. വിഴഞ്ഞത്ത് ബെര്‍ത്ത് ചെയ്യണം, പ്രതിസന്ധി അവസാനിക്കുംവരെ കണ്ടെയ്നറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കണം. ഇതാണ് ആവശ്യം.
ലോകത്തെ എട്ട് പ്രധാന കമ്പനികളുടെ നൂറിലധികം കപ്പലുകളാണ് അനുമതി തേടിയത്. പക്ഷെ, അപേക്ഷകള്‍ അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതരുടെ മറുപടി. ഒരേസമയം രണ്ട് മദര്‍ഷിപ്പുകള്‍, അല്ലെങ്കില്‍ നാല് ഫീഡര്‍ ഷിപ്പുകള്‍ക്ക് ബെര്‍ത്ത് ചെയ്യാനുള്ള ശേഷിയാണ് നിലവില്‍ തുറമുഖത്തിനുള്ളത്.
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്‌എസിയുമായി കരാര്‍ ഉള്ളതിനാല്‍ മറ്റ് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ഒഴിവില്ല. 36000 കണ്ടെയ്നറുകള്‍ സൂക്ഷിക്കാനാണ് നിലവില്‍ തുറമുഖത്തിന് ശേഷിയുള്ളത്. കണ്ടെയ്നര്‍ യാര്‍ഡിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി നാല്‍പതിനായിരത്തിലേറെ കണ്ടെയ്നറുകളാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ മറ്റ് കപ്പലുകളിലെ കണ്ടെയ്നറുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നും വിഴിഞ്ഞം തുറമുഖം കപ്പല്‍ കമ്പനികളെ അറിയിച്ചു.