AI Image
വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ വാഗ്വാദം കൊലപാതകത്തില്‍ കലാശിച്ചു. ഗുജറാത്തിലെ നര്‍മദയിലാണ് സംഭവം. നടക്കാനിറങ്ങിയ ഭാര്യയും ഭര്‍ത്താവുമായി നിസാര കാര്യങ്ങള്‍ക്ക് തെറ്റി. വാക്കേറ്റം മൂത്തതോടെ ഭര്‍ത്താവ് യുവതിയെ തല്ലി. ഇതോടെ അടുത്ത് കിടന്ന കല്ലെടുത്ത് ഭാര്യയും തിരിച്ചടിച്ചു. തലയ്ക്ക് മാരകമായി മുറിവേറ്റ ഭര്‍ത്താവ് രക്തം വാര്‍ന്ന് മരിച്ചു.
ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പായതോടെ ഭാര്യ മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു.പൊലീസിലും വിളിച്ച് വിവരം അറിയിച്ചു. അതേസമയം, ഇരുവരും എന്തിനാണ് വഴക്കിട്ടതെന്ന കാര്യം വ്യക്തമല്ല. ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകം പെട്ടെന്നുള്ള തര്‍ക്കത്തിനും ദേഷ്യത്തിനും പുറത്ത് ചെയ്തതാണോ അതോ മറ്റെന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.