AI Image (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
കാമുകിയെ സ്വന്തമാക്കാന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവാവ് പിടിയില്‍. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. സുനില്‍ നായകിന്‍റെ ഭാര്യ പുഷ്പയുമായി ബസുദേവ് മല്ലികെന്ന യുവാവ് പ്രണയത്തിലായിരുന്നു. സുനിലിനെ ഉപേക്ഷിച്ച് ഇറങ്ങിവരില്ലെന്ന് പുഷ്പ പറഞ്ഞതോടെ ബസുദേവ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കി. തുടര്‍ന്ന് മദ്യപിക്കുന്നതിനായി ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവിലേറെ മദ്യം അകത്താക്കിയെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബാറിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
വീട്ടില്‍ നിന്നും പുറത്തുപോയ സുനില്‍ മടങ്ങിയെത്താതിരുന്നതോടെയാണ് പുഷ്പ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബസുദേവെത്തി കൂട്ടിക്കൊണ്ട് പോകുന്നതും ബാറില്‍ നിന്നുള്ള ദൃശ്യങ്ങളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസുദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ സുനിലിനെ വകവരുത്തിയെന്നും മൃതദേഹം ഉപേക്ഷിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തി.
പൊലീസ് നടത്തിയ തിരച്ചിലില്‍ സുനിലിന്‍റെ മൃതദേഹവും കണ്ടെത്തി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തു. അതേസമയം, കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാരുടെയെങ്കിലും സഹായം ബസുദേവിന് ലഭിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.