വിഷ്ണുവിനെയും ഭാര്യയെയും അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.
വിഷു വിപണി ലക്ഷ്യമിട്ട് വീടിനുള്ളിൽ നടത്തിയ അനധികൃത പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു. സ്ഫോടനം നടന്ന വീട് ഭാഗികമായി തകരുകയും സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെടിമരുന്നിന്റെ സാന്നിധ്യം സ്ഫോടനസ്ഥലത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
പലഹാര നിർമ്മാണത്തിനെന്ന പേരിൽ അഞ്ചുമാസം മുമ്പ് വാടകയ്ക്കെടുത്ത വീട്ടിലാണ് പടക്കനിർമ്മാണം നടന്നിരുന്നത്. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഭീതി നിലനിൽക്കുകയാണ്. ഫയർഫോഴ്സും പൊലീസും ചേർന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. കൂടുതൽ സ്ഫോടകവസ്തുക്കൾ വീട്ടിലുണ്ടോ എന്നറിയാൻ ബോംബ് സ്ക്വാഡും സ്ഥലത്തെത്തും.