കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കാണാതായതായി റിപ്പോർട്ട്. ഈ മാസം രണ്ടാം തീയതി തടിയന്റെമോൾ മലയിൽ ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോയ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭ്യമല്ല. ട്രക്കിങ്ങിനിടെ തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ താമസസ്ഥലത്ത് അറിയിച്ചിരുന്നുവെങ്കിലും അതിനുശേഷം ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു.
എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്നാണ് തടിയന്റെമോൾ മലനിരകളിൽ വ്യാപകമായ തിരച്ചിൽ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ദുർഘടമായ പാതകളും നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.