Image Credit: Screengrab/instagram
വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ 20കാരനെ കുത്തിക്കൊന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ട് വിവരം 'ഫോളോവേഴ്സിനെ' അറിയിച്ച് പതിനെട്ടുകാരന്‍. ഡല്‍ഹിയിലെ ഷാലിമാര്‍ബാഗിലാണ് നടുക്കുന്ന സംഭവം. തരുണ്‍ എന്ന യുവാവാണ് ക്രൂരകൊലപാതകം ചെയ്തത്. 'നിങ്ങളുടെ ഭായ് ഒരു കൊല ചെയ്തു. കുറച്ച് ദിവസത്തേക്ക് ജയിലില്‍ ആയിരിക്കും. എല്ലാവര്‍ക്കും സ്നേഹം'... എന്നാണ് വിഡിയോയില്‍ പറയുന്നത്.
തരുണും തരുണിന്‍റെ രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് നിതേഷ് എന്ന യുവാവിനെ കുത്തിക്കൊന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പൊലീസ് പറയുന്നു. നിതേഷിന്റെ ശരീരത്തില്‍ തലങ്ങും വിലങ്ങും തരുണ്‍ കുത്തിയെന്നാണ് പൊലീസ് പറയുന്നു. മാരകമായി പരുക്കേറ്റ നിതേഷിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു.
കൊലപാതകം നടത്തി രക്ഷപെടാന്‍ ശ്രമിച്ച മൂവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹി പൊലീസ് പിടികൂടി. തരുണിനെയും സുഹൃത്ത് മോണ്ടിയെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ പ്രത്യേക സംരക്ഷണയില്‍ സൂക്ഷിക്കുകയാണ്. ഇന്‍സ്റ്റ സ്റ്റോറി തെളിവായി സ്വീകരിച്ച പൊലീസ് പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിതേഷിനെ കൊല്ലാനുപയോഗിച്ച ആയുധത്തിനായും തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.