Image credit:X
പ്രണയബന്ധത്തെ എതിര്‍ത്ത അച്ഛനെ മില്‍ക്ക് ഷേയ്ക്കില്‍ വിഷം ചേര്‍ത്ത് നല്‍കിക്കൊന്ന പൊലീസുകാരിയായ മകള്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മുംബൈയിലെ പൊലീസുകാരിയായ ആര്യ ബല്ലാവറാണ് പിടിയിലായത്. 2023 ഏപ്രില്‍ 25നായിരുന്നു സംഭവം. മഹാരാഷ്ട്ര പൊലീസ് ഓഫിസറായിരുന്ന ജയന്ത് ബല്ലവാര്‍ പതിവുപോലെ ജോലിക്ക് പോകാനൊരുങ്ങി. മകളും പൊലീസുകാരിയുമായ ആര്യ പതിവുപോലെ മില്‍ക്ക് ഷേയ്ക്ക് നല്‍കി. കുടിച്ച ശേഷം ജയന്ത് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ചന്ദ്രാപുറിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫിസ് കെട്ടിടത്തിലേക്ക് കയറുമ്പോഴേക്കും ജയന്ത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
കുഴഞ്ഞുവീണുള്ള മരണമെന്നാണ് എല്ലാവരും കരുതിയത്. പോസ്റ്റുമോര്‍ട്ടം ചെയ്തതുമില്ല. മരണത്തില്‍ ദുരൂഹതയില്ലെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞതോടെ കേസന്വേഷണവും ഉണ്ടായില്ല. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് െഞട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായതും ജയന്തിന്‍റേത് കൊലപാതകമാണെന്ന് തെളിഞ്ഞതും.
സുഹൃത്തും പൊലീസ് ഓഫിസറുമായ ആശിഷുമായി ആര്യ 2022 മുതല്‍ പ്രണയത്തിലായിരുന്നു. ജയന്ത് ഇതെതിര്‍ത്തതോടെയാണ് ഇരുവരും ചേര്‍ന്ന് വകവരുത്താന്‍ തീരുമാനിച്ചത്. ഇതിനായി ആര്യയുടെ ബന്ധു ചൈതന്യയെ ഇവര്‍ സമീപിക്കുകയും അയ്യായിരം രൂപ നല്‍കി വിഷം സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇത് പാലില്‍ ചേര്‍ത്ത് ആര്യ, അച്ഛന് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ജയന്തിന്‍റെ മരണത്തിന് പിന്നാലെ ആര്യയും ആശിഷും വിവാഹിതരായെന്ന് പൊലീസ് പറയുന്നു. സ്വഭാവദൂഷ്യത്തെയും ക്രമക്കേടിനെയും തുടര്‍ന്ന് ആശിഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നാലെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തു. ഒടുവില്‍ ആര്യ, ആശിഷുമായി പിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു. ഇരുവരും തമ്മില്‍ വഴക്കും രൂക്ഷമായി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച ആശിഷ് പൊലീസ് സ്റ്റേഷനിലെത്തിയതും ആര്യ, പിതാവിനെ കൊലപ്പെടുത്തിയതാണെന്ന വിവരം വെളിപ്പെടുത്തിയതും. നടന്ന സംഭവമെല്ലാം ആശിഷ് വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്തുകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് പുറമെ വിഷം എത്തിച്ച് നല്‍കിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.