AI Image
മോഷണം നടത്തിയെന്ന് സംശയിച്ച് പത്തും പതിനൊന്നും വയസുള്ള പെണ്‍മക്കളെ അച്ഛന്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. ക്രൂരമായ ശിക്ഷയ്ക്ക് വിധേയയായ കുട്ടികളിലൊരാള്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ദാദു ഹയ്ബത് യംനഗര്‍ എന്ന പിതാവാണ് സാനിക (10)യെയും അനുജ(11)യെയും കൈകാലുകള്‍ ബന്ധിച്ച് തലകീഴായി ഇരുമ്പ് കമ്പിയില്‍ കെട്ടിത്തൂക്കിയിട്ടത് . മഹാരാഷ്ട്രയിലെ സാഗ്ലിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ഇവരെ ഇങ്ങനെ കെട്ടിയിട്ടു. രാത്രി മുഴുവന്‍ വേദന കൊണ്ട് പുളഞ്ഞ കുട്ടികള്‍ നിലവിളിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ നിലവിളിച്ചിട്ടും കെട്ടഴിക്കുകയോ വെള്ളം നല്‍കുകയോ ചെയ്തില്ല.
രാവിലെ ആറുമണിയോടെ മുത്തച്ഛനെത്തി ഇരുവരുടെയും കെട്ടഴിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു. നിലത്ത് കിടത്തിയപ്പോഴാണ് സാനികയ്ക്ക് ജീവന്‍ നഷ്ടമായത് തിരിച്ചറിഞ്ഞത്. അനൂജ അബോധാവസ്ഥയിലുമായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുട്ടികളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു.
അയല്‍വാസികള്‍ കുട്ടികള്‍ക്കെതിരെ മോഷണക്കുറ്റം ആരോപിച്ചതോടെയാണ് താന്‍ മക്കളെ ശിക്ഷിച്ചതെന്നായാരുന്നു പിതാവിന്‍റെ വാദം. സാനികയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാന്‍ വീട്ടുകാര്‍ ഒരുങ്ങിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. കുട്ടികളെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചതിന് കുട്ടികളുടെ മുത്തച്ഛനെ ദാദു ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പൊലീസ് പറയുന്നു.