നടുറോഡിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്. ബെംഗളൂരുവിലാണ് സംഭവം. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഷൈലയും ഭർത്താവ് അക്ഷയും കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യാത്രയ്ക്കിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. രാവിലെ 11 മണിയോടെ ബല്ലൂർ ഗ്രാമത്തിനു സമീപം വച്ച് അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. റോഡരികിൽ വീണുകിടന്ന ഷൈലയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ അക്ഷയ് ക്രൂരമായി മർദ്ദിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം.
വഴിപോക്കർ ഇടപെട്ട് അക്ഷയെ തടയുകയും ഷൈലയെ കാറിൽ കയറ്റുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്ക് ശേഷം, അക്ഷയ് കാർ ഒരു പാടത്തേക്ക് ഓടിക്കുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും ചെയ്‌തു. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചു കയറ്റി. ഈ ദൃശ്യങ്ങളും സിസി ടിവിയിലുണ്ട്.
ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.