ബെംഗളൂരു ആര്‍ട് ഓഫ് ലിവിങ് കേന്ദ്രത്തിലെത്തിയ അനുഭവം പങ്കുവച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെയും ആര്‍ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ 45ാം വാര്‍ഷികത്തിന്റേയും ഭാഗമായി നടന്ന ചടങ്ങിലാണ് ഒരിക്കലും മറക്കാനാവാത്ത അനുഭവം താരം പങ്കുവച്ചത്.
കേന്ദ്രത്തിന്റെ ചുറ്റുമുള്ള പ്രകൃതിഭംഗി കണ്ട് താന്‍ അദ്ഭുതപ്പെട്ടുപോയെന്നും എല്ലായിടത്തും പച്ചപ്പും തടാകവും സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്ന മനുഷ്യരേയുമാണ് തനിക്ക് കാണാനായതെന്നും രജനി പറയുന്നു. ആനയും കുതിരകളും നൂറുകണക്കിന് പശുക്കളും ഉണ്ടായിരുന്നു. അതിലൊരു കുതിരയുടെ പേര് ‘രജനി’ എന്നായിരുന്നുവെന്ന് താരം പറഞ്ഞത് കേട്ട് സദസ്സിലാകെ ചിരി പടര്‍ന്നു. രണ്ടു ദിവസം താമസിക്കാന്‍ തീരുമാനിച്ചെത്തിയ താന്‍ 15 ദിവസം കഴിഞ്ഞാണ് തിരിച്ചുപോയതെന്നും രജനികാന്ത് ഓര്‍മിച്ചു. ശ്രീ ശ്രീ രവിശങ്കറിനൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് രജനികാന്ത് തന്റെ മുന്‍അനുഭവം ഓര്‍ത്തെടുത്തത്.
അന്ന് ആശ്രമം ചുറ്റിക്കാണാന്‍ ഗുരു തന്നെ ക്ഷണിച്ചപ്പോള്‍ ആകെ ആശങ്കയിലായിരുന്നെന്നും സൂപ്പര്‍സ്റ്റാര്‍ ആയ തന്നെ ആളുകള്‍ പൊതിഞ്ഞേക്കുമെന്നും, ഓട്ടോഗ്രാഫിനായി വന്‍ ജനാവലിയെത്തുമെന്നും പ്രതീക്ഷിച്ചു. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നൂറിലേറെപ്പേര്‍ അവിടെയുണ്ടായിരുന്നെന്നും ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞു പോലും തന്നെയൊന്ന് നോക്കുക പോലും ചെയ്തില്ലെന്നും താരം പറയുന്നു.
ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് ചോദിച്ചോ വന്നില്ലെന്നു മാത്രമല്ല, താന്‍ കൈവീശി കാണിച്ചിട്ടു പോലും ആരും മൈന്‍ഡ് ചെയ്തില്ലെന്നും താരം ഓര്‍ക്കുന്നു. വലിയ രാഷ്ട്രീയക്കാരേയും വ്യവസായികളേയും കണ്ടിട്ടുള്ള തനിക്ക് ഈ അനുഭവം കണ്ണ് തുറപ്പിക്കുന്നതായിരുന്നു, അഹങ്കാരം ശമിപ്പിക്കുന്നതായിരുന്നുവെന്നും താരം. ആത്മീയതയുടെ മുന്‍പില്‍ താരപരിവേഷം ഒന്നുമല്ലെന്നും താരപദവി വന്നും പോയുമിരിക്കുമെന്നും എന്നാല്‍ ആത്മീയത എന്നും നിലനില്‍ക്കുന്നതാണെന്നും രജനികാന്ത് പറയുന്നു.