രഹസ്യബന്ധത്തിന്റെ പേരിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ രണ്ടുപേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കുത്തിക്കൊന്നു. ബെംഗളൂരുവിലെ പീനിയയിലാണ് പതിനാറുകാരൻ രണ്ടുപേരെ കൊലപ്പെടുത്തിയത്. പീനിയയിൽ താമസിക്കുന്ന മല്ലഗൗഡയുടെ ഭാര്യ യമുന(36), ഇവരുടെ സഹോദരൻ സുദീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവ് മല്ലഗൗഡയ്ക്ക് 16കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം.
ഇക്കാര്യം ചോദ്യംചെയ്യാനായാണ് യമുനയും സഹോദരനും കഴിഞ്ഞദിവസം ഈ സ്ത്രീയുടെ വീട്ടിലെത്തിയത്. ഇരുവരും സ്ത്രീയുമായി വഴക്കിട്ടു. തുടർന്ന് രണ്ടുപേരും ഒരു കത്തിയുമായി സ്ത്രീയുടെ വീടിനകത്ത് കയറി.
ഇതോടെയാണ് അമ്മയെ രക്ഷിക്കാനായി 16കാരൻ ഇതേ കത്തി പിടിച്ചുവാങ്ങി രണ്ടുപേരെയും കുത്തിയത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിലെ മുറിയിൽ കയറി വാതിലടിച്ചിരുന്ന 16കാരൻ പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പിതാവ് അനുനയിപ്പിച്ചാണ് കുട്ടി പുറത്തിറങ്ങിയത്.