vaduthala

TOPICS COVERED

കൊച്ചി  വടുതലയില്‍ മൂന്ന്  പേരക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും മകളും  ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ്. അശ്വതിയുടെ ഭര്‍ത്യവീട്ടുകാരുടെ മൊഴി രേഖപ്പെടുത്തും.  മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. 

ഭര്‍ത്താവ് അക്ഷതിന്‍റെ മരണശേഷം ഭര്‍തൃവീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു അശ്വതി. അക്ഷിതിന്‍റെ  മരണത്തെ ചൊല്ലി ഭര്‍തൃവീട്ടുകാരുടെ ഭാഗത്ത് നിന്ന് കുറ്റപ്പെടുത്തല്‍ ഉണ്ടായെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. ഇത് അന്വേഷിക്കാനാണ് പൊലീസിന്‍റെ നീക്കം. അക്ഷതിന്‍റെ മാതാവിന്‍റെയും സഹോദരന്‍റെയും അടക്കം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. അശ്വതിയുടെയും ശ്രീകുമാരിടേയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പൊലീസ് പരിശോധിക്കും.

ഭര്‍ത്താവിന്‍റെ മരണത്തിന് ഒരുമാസത്തിനു ശേഷം അശ്വതി തിരുവനന്തപുരം പൂവച്ചലിലെ വീട്ടില്‍ നിന്ന് കുട്ടികളുമായി പൊയതാണ്. അശ്വതിയേയും മക്കളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍  കാട്ടക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വതിയുടെ അമ്മ ശ്രീകുമാരി താമസിച്ചിരുന്ന വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ശ്രീകുമാരിയും ഭര്‍ത്താവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. 

ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകന്‍റെ ചികിത്സക്കെന്ന പേരിലാണ്   രണ്ട് മാസം മുന്‍പ് വടുതലയിലെ ആഡംബര വിട് അശ്വതി വാടകയ്ക്ക് എടുക്കുന്നത്. വെള്ളിയാഴ്ച വീട് ഒഴിയുമെന്ന് തൊട്ടടുത്ത് താമസിക്കുന്ന  വീട്ടുടമയുടെ  ബന്ധുവിനോട് പറഞ്ഞിരുന്നു. ശനിയാഴ്ച ആയിട്ടും ഇവരെ പുറത്ത് കാണത്തത് കൊണ്ട് പരിശോധിച്ചപ്പോഴാണ്  മൃതദേഹങ്ങള്‍ കണ്ടത്. പൊലീസില്‍ നിന്ന് വിവരം അറിയച്ചതിനെ തുടര്‍ന്ന് അശ്വതിയുടെ പിതാവടക്കമുള്ള ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും