Image Credit: Meta AI
അയല്‍വാസിയായ യുവതിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അമിത് മാളവ്യ(25)യെന്ന യുവാവാണ് പിടിയിലായത്. ഇന്‍ഡോറിലെ ചിമന്‍ഗഞ്ച് മണ്ഡിയിലാണ് സംഭവം. വീടിന് പുറത്തെ അഴയില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ പതിവായി കാണാതായതോടെ യുവതി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചതോടെയാണ് 'കള്ളനെ' കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങളെ തെളിവായി സ്വീകരിച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വീട്ടുമുറ്റത്തെ അഴയില്‍ അലക്കി വിരിച്ചിരിക്കുന്ന തുണികള്‍ക്കിടയില്‍ നിന്നും യുവതിയുടെ അടിവസ്ത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത ശേഷം ചുരുട്ടി പാന്‍റ്സിന്‍റെ പോക്കറ്റിലാക്കി അമിത് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് വീട്ടുകാര്‍ പൊലീസിന് കൈമാറിയത്.
അമിതിനെ ചോദ്യം ചെയ്തപ്പോഴാണ് യുവതിയോട് തനിക്ക് കടുത്ത പ്രണയമാണെന്നും നേരിട്ട് പറയാന്‍ ധൈര്യമില്ലെന്നും അമിത് വെളിപ്പെടുത്തിയത്. യുവതിയുടെ പേര് തന്‍റെ നെഞ്ചില്‍ പച്ചകുത്തിയിട്ടുണ്ടെന്നും അമിത് പൊലീസിനോട് പറഞ്ഞു. പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതും അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും പ്രണയമല്ലെന്നും വൈകല്യങ്ങളാണെന്നും ചികില്‍സ വേണമെന്നുമായിരുന്നു പൊലീസിന്‍റെ മറുപടി. യുവാവിന് കൗണ്‍സിലിങ് നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.