തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സിമി ജ്യോതിഷിനെ ഹരിത കര്‍മസേനാംഗത്തിന്‍റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. ഭാര്യയെ ജോലിയില്‍ നിന്ന് വിലക്കിയതിലുള്ള വൈരാഗ്യത്തില്‍ വീട്ടിലെത്തി ഹെല്‍മറ്റുകൊണ്ട് അടിച്ചെന്നാണ് പരാതി. എന്നാല്‍ കൗണ്‍സിലറാണ് മര്‍ദിച്ചതെന്ന് ആരോപണവിധേയനായ സതീഷും പരാതി നല്‍കി.
ഹെല്‍മറ്റ് കൊണ്ട് തലയ്ക്കും കയ്യിലും മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവും അമ്പലത്തറ കൗണ്‍സിലറുമായ സിമി ജ്യോതിഷ് ചികിത്സ തേടിയത്. അമ്പലത്തറ സ്വദേശിയായിട്ടുള്ള സതീഷിനെതിരെയാണ് പരാതി. ഹരിത കര്‍മസേനാംഗമായ സതീഷിന്‍റെ ഭാര്യക്കെതിരെ നാട്ടുകാര്‍ പരാതി പറഞ്ഞെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് വിലക്കി. ഇത് ചോദിക്കാനായി ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ സതീഷ്, ചീത്ത വിളിക്കുകയും അത് വിലക്കാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റുകൊണ്ട് തുടരെ തുടരെ അടിച്ചെന്നുമാണ് പരാതി.
സിമി ജ്യോതിഷ് പൂന്തുറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ സതീഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജോലിയില്‍ നിന്ന് മാറ്റിയത് ചോദിക്കാനെത്തിയപ്പോള്‍ സിമി ജ്യോതിഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദിച്ചെന്നുമാണ് സതീഷിന്‍റെ പരാതി. സതീഷ് സി.പി.എമ്മുകാരനാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ട്. കൗണ്‍സിലറെ ആക്രമിച്ച ശേഷം സതീഷ് ആദ്യം ചെന്നത് മുന്‍ കൗണ്‍സിലറായ സി.പി.എം പ്രാദേശിക നേതാവിന്‍റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടു.