ഭൂട്ടാനില്‍ നിന്ന് ആഢംബരക്കാറുകള്‍ അടക്കം വാഹനങ്ങള്‍ ഇന്ത്യയിലേയ്ക്ക് അനധികൃതമായി കടത്തിയകേസിലെ സൂത്രധാരനും സംഘത്തില്‍പ്പെട്ട ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും അടക്കം അഞ്ചുപേരെ കസ്റ്റംസ് പിടികൂടി. ഓപ്പറേഷന്‍ നുംഖോര്‍ ആദ്യ അറസ്റ്റോടെ നിര്‍ണായക വഴിത്തിരിവിലേയ്ക്ക് നീങ്ങി. വ്യാജരേഖകള്‍ ഉപയോഗിച്ച് സംഘം 460 വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. 

സിനിമതാരങ്ങളും പ്രമുഖ വ്യവസായികളും ചോദ്യമുനയില്‍ നിന്ന ആഢംബരക്കാറ് കടത്ത് കേസില്‍ സുപ്രധാനമായ അറസ്റ്റാണ് കൊച്ചി കസ്റ്റംസ് നടത്തിയത്. ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി ബിസ്വദീപ് ദാസിനെ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ജയ്‍ഗാവില്‍വച്ച് ബംഗാള്‍ കസ്റ്റംസ് പ്രിവന്‍റിവ് യൂണിന്‍റെയും സശസ്ത്ര സീമാ ഭല്ലിന്‍റെയും സഹായത്തോടെയാണ് പിടികൂടിയത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ച്ചു. വാഹനക്കടത്തിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ബിസ്വദീപ് എന്നാണ് വിലയിരുത്തല്‍. ബഹുരാഷ്ട്ര ഐടി കമ്പനിയില്‍ സീനിയര്‍ എന്‍ജിനിയറാണ് ഇയാള്‍.

ബിസ്വദീപിനെക്കൂടാതെ നാല് പേരെ അസമില്‍ നിന്ന് ഒപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി പിടികൂടി. ദീപക് പട്ടോവാരി, അയൂബ് അലി, മുസ്തഫ അഹമ്മദ്, ജലാല്‍ മണ്ഡല്‍ എന്നിവരെ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് സംഘം ഷില്ലോങ് കസ്റ്റംസ് പ്രിവന്‍റീവ് സംഘത്തിന്‍റെ സാഹയത്തോടെ പിടികൂടി. ഇതില്‍ 57കാരനായ ദീപക് പട്ടോവാരി അസമില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ്. ഇയാളെ കസ്റ്റംസ് വകുപ്പിലെയും  സെന്‍ട്രല്‍ ജിഎസ്ടിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി ചോദ്യം ചെയ്തു. 

വ്യാജരേഖകള്‍ ഉപയോഗിച്ച് സംഘം 460 വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി അസം പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. മൂവായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് ഒരാഴ്ച്ച കൊണ്ടാണ് കസ്റ്റംസ് അറസ്റ്റുകള്‍ നടത്തിയത്. സിഎജി റിപ്പോര്‍ട്ട് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ ചേസിസ്, എന്‍ജിന്‍ നമ്പറുകള്‍ ഉപയോഗിച്ച് 15,849 വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി സിനിമാതാരങ്ങളുടെ അടക്കം 36 വാഹനങ്ങള്‍ കഴി‍ഞ്ഞ വര്‍ഷം പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിക്കാന്‍ വ്യാജരേഖകളുണ്ടാക്കി 150 മുതല്‍ 200വരെ വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.  

ENGLISH SUMMARY:

The main mastermind behind the luxury car smuggling case from Bhutan has been arrested by the Customs department. Biswadeep Das, a native of Jalpaiguri in West Bengal, was taken into custody from the Bhutan border. Earlier, during Operation Numkhor conducted by the Customs Preventive wing on September 23, 15 cars were seized from Malappuram and Kozhikode districts in connection with the smuggling case. Thirteen cars were seized from a showroom in Vettichira, Malappuram, while one car each was seized from Kuttippuram and Thondayad in Kozhikode.