വൈറ്റില കൊലപാതകത്തിന്‍റെ നടുക്കം നാട്ടുകാര്‍ക്കിനിയും മാറിയിട്ടില്ല. പൊന്നുരുന്നി സ്വദേശി ഷാജി ഹൈക്കോടതി ജീവനക്കാരന്‍ ആയിരിക്കെയാണ് സുധയുടെ അമ്മ വഴി സുധയോട് ബന്ധം സ്ഥാപിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹമോചിതയായ സുധയും ഷാജിയും തമ്മില്‍ ഇതിനിടയില്‍ അടുപ്പത്തിലായി. അമ്മയ്ക്കൊപ്പം പൂത്തോട്ടയിലാണ് സുധ താമസിച്ചിരുന്നത്. ഇടയ്ക്കിടെ സുധ മാനസിക വിഭ്രാന്തിയോടെ പെരുമാറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ കുടുംബത്തെ വിവരം അറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്നും സുധ ഷാജിയോട് അറിയിച്ചു. ഈ ഭീഷണിയാണ് ഒടുവില്‍ സുധയുടെ ജീവനെടുക്കാന്‍ കാരണമായത്. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിനായാണ് ഷാജി സുധയെ കൂട്ടിക്കൊണ്ട് വന്നത്. ഒന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും റെയില്‍വേട്രാക്കിനടുത്തേക്ക് എത്തിയത്. ഇവിടെ ഇരുവരും മുന്‍പും വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടെ സുധ പ്രകോപിതയായി. വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഷാജി, സുധയുടെ മുഖത്ത് ആഞ്ഞിടിച്ചു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായയും പൊത്തിപ്പിടിച്ചു. സംഭവം നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് കുറച്ച് യുവാക്കള്‍ ഇരുന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഒടുവില്‍ മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച് ഷാജി കാറുമായി സ്ഥലംവിട്ടു. 

പുലര്‍ച്ചെ ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മരണം ട്രെയിന്‍ തട്ടിയല്ലെന്ന് സ്ഥിരീകരിച്ചത്. സുധയുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുന്നതിനായാണ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. എന്നാല്‍ ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ്  മൃതദേഹം വീണത്. ഇതും കൊലപാതകമെന്ന് ഉറപ്പിക്കാന്‍ പൊലീസിനെ സഹായിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകമാണ് ഷാജിയെ പൊലീസ് പിടികൂടിയത്. ഷാജിയുടെ രക്തം പുരണ്ട ഷര്‍ട്ട് പൊലീസ് തെളിവെടുപ്പിനിടെ കണ്ടെത്തി. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ കാക്കനാട് ഓഫിസില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാജി. 

ENGLISH SUMMARY:

In a chilling incident in Kochi, Shaji, a former High Court employee and current NCLT staff member, has been arrested for the murder of Sudha near the Vyttila railway tracks. The victim was an acquaintance who allegedly threatened to expose their extramarital affair to Shaji's family, leading to the fatal confrontation. On the day of the crime, Shaji took Sudha to dinner and then to a secluded spot near the railway line to settle their disputes. During a heated argument, Shaji brutally assaulted Sudha and smothered her to ensure she couldn't scream before dumping her body on the tracks to stage a suicide. However, the police grew suspicious as the body was found on an inactive track, and swift investigation led to Shaji's arrest within hours. Blood-stained clothing and CCTV footage from the Vyttila area provided crucial evidence against the accused. This tragic event highlights the dark consequences of illicit relationships and has left the local community in deep shock.