കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി മർദിച്ച കേസിൽ യുവതി അടക്കമുള്ള പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി അമൽദേവിനാണ് മർദ്ദനമേറ്റത്. ലഹരി കേസിൽ ഉൾപ്പെടെ പ്രതികളായ യുവതി അടങ്ങുന്ന അഞ്ചംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കാനായി പുറത്തെത്തിച്ചപ്പോൾ മുഖ്യപ്രതിയായ സഫ്ന അടക്കം കൂട്ടു പ്രതികളെല്ലാം ചിരിച്ചു കളിച്ചാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
കൊച്ചി പനമ്പള്ളി നഗർ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ വച്ചാണ് കൊല്ലം സ്വദേശിയും ഭിന്ന ശേഷിക്കാരനായ അമൽദേവിന് മർദനമേൽക്കുന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒന്നാംപ്രതി സഫാനയും സംഘവുമാണ് ഇയാളെ ക്രൂരമായി മർദിച്ചത്.ഞായറാഴ്ച വൈപ്പിനിൽ വച്ച് കാണാമെന്ന് അമൽദേവ് സഫാനയോട് പറഞ്ഞിരുന്നു. എന്നാൽ ഹോട്ടൽ റൂമിലേക്ക് വരാൻ സഫ്ന ആവശ്യപ്പെട്ടു.അമൽദേവ് റൂമിലെത്തിയതിന് പിന്നാലെ സഫാനയുടെ സുഹൃത്തുക്കളായ അമൽ വേണുഗോപാൽ, രാഹുൽ, ആനന്ദ് , സഞ്ജു എന്നിവരും റൂമിലേക്ക് എത്തി.
സഫാനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ അമൽദേവിനെ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ അമൽ ദേവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി മർദ്ദിക്കുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. യുവാവിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു പ്രതികൾ നടത്തിയത്. മുഖ്യപ്രതിയായ സഫാനയുടെ സുഹൃത്തായ അമൽ വേണുഗോപാലാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അമൽ ദേവുമായി കൂടുതൽ സമയവും ചാറ്റ് ചെയ്തിരുന്നത്. അമൽ വേണു ഗോപാലൻ്റെ പേരിൽ ലഹരി കേസുകളും നിലവിലുണ്ട്.