കൊച്ചിയിൽ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച കടയുടമയ്ക്കും, തൊഴിലാളിക്കും ക്രൂരമർദനം. കടയുടമ കാക്കനാട് സ്വദേശി തൻസിൽ, തൊഴിലാളി അസംകാരനായ അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. ഇൻഫോ പാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ചായയും ചെറുകടികളും കഴിച്ചതിന് പണം ചോദിച്ചതാണ് പ്രകോപന കാരണം.
ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം മുങ്ങുകയാണ് പതിവെന്ന് പരുക്കേറ്റ കടയുടമ പറഞ്ഞു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു തീരെ കുറവായിരുന്നു. പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു.
അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.