sidharth-n

TOPICS COVERED

ക്രൂരമായ റാഗിങ്ങിന് ഇരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ജെ.എസ്.സിദ്ധാർഥന്‍റെ കുടുംബത്തിന് നീതി ഇനിയും അകലെ. മരണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോളും പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. റാഗിങ്ങ് തടയേണ്ടവര്‍ക്ക് എതിരെ എന്ത് നടപടി എടുത്തു എന്ന് സര്‍വകലാശാലയോട് ചോദിച്ചാല്‍ അതിനും മറുപടി ഇല്ല.

അതിക്രൂരമായ റാഗിങ്ങിന് വിധേയനായ സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിന്‍റെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2024 ഫെബ്രുവരി 18ന്. സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് മാതാപിതാക്കൾ ആരോപിച്ചെങ്കിലും തെളിയിക്കാൻ അന്വേഷണസംഘത്തിനായില്ല. പൊലീസ്, സിബിഐ അന്വേഷണം നടന്നെങ്കിലും പ്രതികളെല്ലാം 90 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിതരായി. വകുപ്പുതല അന്വേഷണവും നടപടിയും കോളജ് ഡീനിലും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനിലും ഒതുങ്ങി. ഡീനായിരുന്ന ഡോ. എം.കെ. നാരായണൻ, അസി. വാർഡനായിരുന്ന ഡോ. ആർ.കാന്തനാഥൻ എന്നിവർ സസ്പെൻഷൻ കാലാവധിക്കുശേഷം തിരികെ സർവീസിലും കയറി.  പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപെടെയുള്ള ചില വിദ്യാർഥികൾ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയെഴുതി.       

കേസില്‍ പെൺകുട്ടിയുൾപെടെ കൂടുതൽപ്പേർ പ്രതികളാണെന്ന പരാതിയിലും നടപടിയുണ്ടായില്ല. ലീഗൽ സെൽ ഉൾപെടെയുള്ള സർവകലാശാല സംവിധാനങ്ങളുടെ അനാസ്ഥയും കൃത്യവിലോപവുമാണു കേസ് അനുകൂലമാക്കാൻ പ്രതികളെ സഹായിച്ചതെന്നു വിമർശനമുണ്ട്. സിസ്റ്റത്തിന്‍റെ ഇരയായി മാറിയ സിദ്ധാര്‍ഥന്‍റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്.

ENGLISH SUMMARY:

Justice for Siddharth is still elusive for the family of J.S. Siddharth, who was found hanging in the Wayanad Pookode Veterinary College following brutal ragging. Even two years after his death, the accused have not been punished.