ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ എത്തി ഒപ്പിടാൻ ആവില്ലെന്ന് സ്വയം പ്രഖ്യാപിച്ച് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയുടെ ആക്രമണം. പുലർച്ചെ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായ യുവാവിനെ അറസ്റ്റ് ചെയ്തു. കാളികാവ് പൂങ്ങോട് വെള്ളയൂർ സ്വദേശി മഠത്തിൽ വിഷ്ണുപ്രസാദ് (35) ആണ് വണ്ടൂർ പൊലീസ് സ്റ്റേഷനിൽ വെല്ലുവിളിയുമായി എത്തിയത്. പ്രതിയുടെ പേരിൽ വണ്ടൂർ, കാളികാവ്, പൂക്കോട്ടുംപാടം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമത്തിനടക്കം 11 കേസുകൾ നിലവിലുണ്ട്. ഇതിൽ വണ്ടൂർ സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസുമായി ബന്ധപ്പെട്ടാണ് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് പ്രകാരം സ്റ്റേഷനിലെത്തി ഒപ്പിടേണ്ടത്. കഴിഞ്ഞ വർഷം നവംബർ 7ാം തീയതി പൂങ്ങോട് മരുതുങ്ങലിൽ വച്ച് യുവാവിനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചതാണ് കേസ്.

ആഴ്ചയിൽ രണ്ടുദിവസം തിങ്കൾ ബുധൻ ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിലും വ്യാഴം ശനി ദിവസങ്ങളിൽ പ്രോബേഷൻ ഓഫീസറുടെ മുമ്പിലും ഒപ്പിടണമെന്നാണ് ജാമ്യ വ്യവസ്ഥ. ഉത്തരവുപ്രകാരം ഇന്നാണ് വണ്ടൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടത്. എന്നാൽ കഴിഞ്ഞദിവസം പ്രതി പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചിട്ട് ഒപ്പിടാൻ വരില്ലെന്ന കാര്യം അറിയിക്കുകയായിരുന്നു. നിർബന്ധമായും ഒപ്പിടാൻ എത്തണമെന്ന് പൊലീസുകാർ അറിയിച്ചതോടെ പ്രതി ഫോണിൽ തെറി വിളിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ മദ്യലഹരിയിൽ കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഡ്യൂട്ടി ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. ഇന്ന് വൈകിട്ട് വാണിയമ്പലത്ത് വച്ചാണ് പിടികൂടിയത്. നിലവിൽ ഇയാൾ കാളികാവ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

An accused in an attempted murder case created a scene at the Wandoor Police Station, declaring that he would not come to sign as required by bail conditions. Police arrested the violent youth early in the morning at the Wandoor station. Matathil Vishnu Prasad (35), a resident of Vellayur, Poongode, Kalikavu, arrived at the station with open defiance.