കോഴിക്കോട് മാങ്കാവ് സ്വകാര്യ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
മാങ്കാവ് ആഴ്ച്ചവട്ടത്ത് സ്വകാര്യ കെട്ടിടത്തിലെ വാടകമുറിയിലാണ് കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടത്. പുലര്‍ച്ചയോടെ ആകാം തീപിടിത്തം ഉണ്ടായത് എന്നാണ് നിഗമനം. രാവിലെ അഗ്നിരക്ഷാസേന തീയണച്ച് കഴിഞ്ഞ ശേഷമാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. മരിച്ചത് നാട്ടുകാരന്‍ ആയ സന്തോഷ് കുമാര്‍ ആണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ സമയമെടുക്കും. സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ എത്തിയതാണ് ഇയാള്‍. ഇതിന് മുമ്പും സന്തോഷ് പല തവണ സുഹൃത്തിനൊപ്പം ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ ഇന്നലെ രാത്രി ഇയാള്‍ മുറിയില്‍ തനിച്ചായിരുന്നു. വാടകക്കാരനായ സുഹൃത്തിനെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. തീപിടിത്തത്തില്‍ മുറിയിലെ ഇല്ക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനമെങ്കിലും സംശയങ്ങള്‍ പൂര്‍ണമായും ഒഴിയാന്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.