arsenic-peda-death

AI Image

ഭര്‍തൃവീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ യുവതിയെ ആഴ്സനിക് കലര്‍ത്തിയ പേഡ നല്‍കി കൊന്നു. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. ഖുശ്ഖു കതുരിയ (22) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് വന്‍ ട്വിസ്റ്റുണ്ടായത്. ഖുശ്ബുവിനെ കൂടാതെ മുത്തച്ഛനും ഇവരുടെ വീട്ടിലെ സെക്യുരിറ്റി ജീവനക്കാരനും മരിച്ചു. മൂവരും മരിച്ചത് പേഡ കഴിച്ചതിന് പിന്നാലെയുമാണ്. പേഡ കഴിച്ച മറ്റുള്ളര്‍ക്കും ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി 9ന് ദര്‍ശു യദുവംശി (50)യെന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പേഡ കഴിച്ചതിന് പിന്നാലെ കടുത്ത വയറിളക്കവും ഛര്‍ദിയും കാരണം ആശുപത്രിയിലായി. 11–ാം തീയതി ഇയാള്‍ മരിച്ചു.  ഇതേ പേഡയില്‍ നിന്ന് കഴിച്ച ഖുശ്ബുവും മുത്തച്ഛനും മരിച്ചു. ഖുശ്ബുവിന്‍റെ അമ്മയും സഹോദരിയും തലനാരിഴയ്ക്ക് രക്ഷപെട്ടു. പോസ്റ്റുമോര്‍ട്ടത്തില്‍ ഖുശ്ബുവിന്‍റെയും മുത്തച്ഛന്‍റെയും ശരീരത്തില്‍ നിന്ന് വലിയ അളവില്‍ ആഴ്സനികിന്‍റെ അംശം കണ്ടെത്തി. സംശയം തോന്നിയതോടെ പേഡയും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഉയര്‍ന്ന അളവില്‍ ആഴ്സനിക് കലര്‍ന്നതായി കണ്ടെത്തി. ഇതോടെ പൊലീസില്‍ വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടും ക്രൂരത ചുരുളഴിഞ്ഞത്. 

2024 ജനുവരിയിലാണ് ഖുശ്ബു വിവാഹിതയായത്. ഭര്‍തൃവീട്ടുകാര്‍ തന്നോട് മോശമായി പെരുമാറുന്നുവെന്ന് ഖുശ്ബു കുടുംബത്തിലെ ഒരു ചടങ്ങിനിടെ മറ്റുള്ളവരോടും തുറന്ന് പറഞ്ഞു. ഇതോടെ കുടുംബക്കാരുടെ ഇടയില്‍ ഭര്‍തൃവീട്ടുകാര്‍ അപമാനിതരായി. പകരം വീട്ടുന്നതിനായി ഭര്‍തൃവീട്ടുകാര്‍ ചെയ്ത ക്രൂരകൃത്യമാണിതെന്ന് പൊലീസ് പറയുന്നു. ഭര്‍തൃവീട്ടുകാര്‍ ആഴ്സനിക് കലര്‍ത്തിയ പേഡകള്‍ നന്നായി പൊതിഞ്ഞ് ഖുശ്ബുവിന്‍റെ അച്ഛന്‍റെ കടയില്‍ കൊണ്ട് വച്ചു. പേഡ ഇരിക്കുന്നത് കണ്ട ഖുശ്ബുവിന്‍റെ മുത്തച്ഛന്‍ ഒരെണ്ണം സെക്യൂരിറ്റി ജീവനക്കാരന് നല്‍കി ശേഷിച്ചത് വീട്ടിലെത്തി ഖുശ്ബുവിനും മറ്റുള്ളവര്‍ക്കും നല്‍കി അദ്ദേഹവും കഴിച്ചു. പിന്നീടാണ് ആരോഗ്യനില വഷളായതും അപകടം സംഭവിച്ചതും. സംഭവത്തില്‍ ഖുശ്ബുവിന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍, സഹോദരന്‍, സഹോദരന്‍റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY:

In a shocking case of revenge from Madhya Pradesh's Chhindwara, a 22-year-old woman named Khushbu Kathuria, her grandfather, and a security guard were killed after consuming sweets laced with arsenic. The incident was orchestrated by Khushbu's in-laws after she publicly spoke about the domestic abuse and harassment she faced at her marital home. According to the police, the in-laws planted the poisoned 'peda' at Khushbu's father's shop as an act of vengeance for the public embarrassment. The grandfather unaware of the trap, shared the sweets with the security guard and family members, leading to three deaths and several hospitalizations. Forensic reports confirmed high levels of arsenic in the victims' bodies and the remaining sweets. The police have arrested Khushbu's father-in-law, brother-in-law, and his wife in connection with the triple murder. This case highlights the extreme lengths of domestic violence and the importance of forensic intervention in suspicious deaths.