തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം വിലയുള്ള സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ പിടിയില്‍. കന്യാകുമാരി സ്വദേശി മോഷ്ടിച്ചത് മദ്യപിക്കാനായി പണം കണ്ടെത്താനെന്ന് പൊലീസ്. പക്ഷെ സ്വര്‍ണം വില്‍ക്കും മുന്‍പ് പിടിയിലാവുകയും ചെയ്തു.

 

ഒരാഴ്ച മുന്‍പ്, 25നാണ് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ മോഷണം നടന്നത്. യാത്രക്കാരിയുടെ ബാഗ് അടിച്ചുമാറ്റി കള്ളന്‍ കടന്ന് കളഞ്ഞു. ആ ബാഗിലുണ്ടായിരുന്നത് അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണമാല. വില അഞ്ച് ലക്ഷത്തിലേറെയും. ഇതോടെ കള്ളനെ കണ്ടെത്താന്‍ ഇറങ്ങിയ ആര്‍.പി.എഫ് എട്ടാം ദിവസം പ്രതിയെ പൊക്കി. കന്യാകുമാരിക്കാരന്‍ ശ്യാം ക്രിസ്പിന്‍. ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും റയില്‍വേ പൊലീസും ചേര്‍ന്നുള്ള അന്വേഷണത്തില്‍ മോഷണം പോയ സ്വര്‍ണവും പൂര്‍ണമായി കണ്ടെടുത്തു.

 

ജോലിക്കൊന്നും പോകാത്ത ക്രിസ്പിന്‍ മദ്യപിക്കാന്‍ വേണ്ടിയാണ് മോഷ്ടിച്ചത്. നെടുമങ്ങാടിനടുത്ത് വാണ്ട എന്ന സ്ഥലത്തെ റൈസ് മില്ലിന്‍റെ സമീപത്ത് സ്വര്‍ണം ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയെങ്കിലും അതിന് മുന്‍പ് പൊക്കിയതോടെ സ്വര്‍ണം വിറ്റ് കാശാക്കാന്‍ സാധിച്ചില്ല.