പരിസ്ഥിതി ദിനത്തിലെ പരിപാടിക്കായി തിരുവനന്തപുരം തകരപ്പറമ്പിൽ റോഡ് അടച്ച് വേദി കെട്ടി. തിരുവനന്തപുരം കോർപ്പറേഷൻ്റെ സഹകരണത്തോടെ പുനർജനിയെന്ന സംഘടനയാണ് വിദ്യാർഥികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. കോർപ്പറേഷൻ നേരിട്ട് നടത്തിയ പരിപാടി അല്ലെന്നും ഫ്‌ളാഗ് ഓഫ് നടത്തി മടങ്ങിയെന്നുമാണ് മേയർ വി.വി. രാജേഷിൻ്റെ പ്രതികരണം. റോഡിൽ വേദി കെട്ടാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോൾ ഗതാഗത തടസമുണ്ടാക്കാതെ പരിപാടി നടത്തിയെന്നാണ് സംഘാടകരുടെ വിശദീകരണം.
കിഴക്കേക്കോട്ട പിന്നിട്ട് നഗരത്തിലേക്ക് തിരക്കില്ലാതെ കയറാവുന്ന പാത. പകുതിയിലേറെ അടച്ച് വേദി കെട്ടിയതോടെ ഗതാഗത തടസമായി. ഒരു ഭാഗത്ത് കൂടി ഗതാഗതം ഉറപ്പാക്കിയെന്നും നിയമ ലംഘനം നടന്നിട്ടില്ലെന്നും സംഘാടകർ. കോർപ്പറേഷൻ നേരിട്ട് നടത്തിയ പരിപാടി അല്ലെന്നും അനുമതിയില്ലാതെ ലോഗോ പതിപ്പിച്ചത് അന്വേഷിക്കുമെന്നും മേയർ വി.വി രാജേഷ്.
കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. റോഡ് അടച്ച് വേദി കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും വഞ്ചിയൂർ പൊലീസ് അറിയിച്ചു. തകരപ്പറമ്പിന് മീറ്ററുകൾ മാത്രം മാറിയാണ് നേരത്തെ സി.പി.എം ഏരിയ സമ്മേളനത്തിന് വേദി കെട്ടിയതും അനുമതിയില്ലാത്തതിൻ്റെ പേരിൽ പൊലീസ് കേസെടുത്തതും.