തൃശൂര്‍ ആര്‍.ഡി.ഒ കോടതിയുടെ ലോക്കറിലെ എട്ടര പവന്‍റെ സ്വര്‍ണം കാണാനില്ല. ഇരുപത്തിമൂന്നു വര്‍ഷം മുമ്പ് മരിച്ച യുവതിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും സ്വര്‍ണം മുക്കിയവരെ കണ്ടെത്താനായില്ല. നിലവില്‍, ലോക്കറിലുള്ളതാകട്ടെ മുക്കുപ്പണ്ടവും.
തൃശൂര്‍ കാട്ടൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി റംലത്ത് തലച്ചോറില്‍ അണുബാധമൂലം മരിച്ചത് 2003ലായിരുന്നു. റംലത്തിന് രണ്ടു കൈക്കുഞ്ഞുങ്ങളായിരുന്നു അന്ന്. ദേഹത്തുണ്ടായിരുന്ന എട്ടര പവന്‍റെ ആഭരണങ്ങള്‍ ആര്‍.ഡി.ഒ. കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചു. സ്വര്‍ണമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയായിരുന്നു സൂക്ഷിച്ചത്. റംലത്തിന്‍റെ കൈക്കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ സ്വര്‍ണം തിരിച്ചുചോദിച്ചു. മൂന്നു വര്‍ഷം മുമ്പ് ഈ സ്വര്‍ണം തിരിച്ചെടുക്കാന്‍ റംലത്തിന്‍റെ അമ്മ സുലേഖ ആര്‍.ഡി.ഒ. കോടതിയില്‍ എത്തി. സകല രേഖകളും കൈവശമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ലോക്കറിലുള്ളത് മുക്കുപ്പണ്ടം. ഉദ്യോഗസ്ഥരുടെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു. മൂന്നു വര്‍ഷം അന്വേഷിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. മാറിമാറിവന്ന കലക്ടര്‍മാര്‍ക്കു സുലേഖ പരാതി നല്‍കി. പക്ഷേ, സ്വര്‍ണം കിട്ടിയില്ല. സ്വന്തമായി കിടപ്പാടംപോലുമില്ല സുലേഖയ്ക്കും പേരക്കുട്ടികള്‍ക്കും. എട്ടര പവന്‍റെ സ്വര്‍ണം കിട്ടിയാല്‍ ഭൂമി വാങ്ങി കുടിലെങ്കിലും കെട്ടാം.
2003 മുതല്‍ 2022 വരെ ആര്‍.ഡി.ഒ. കോടതിയില്‍ ലോക്കറിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരെക്കുറിച്ചാണ് അന്വേഷണം. മൂന്നു വര്‍ഷമായി ആര്‍.ഡി.ഒ. കോടതിയുടെ ഓഫിസ് കയറിയിറങ്ങുകയാണ് സുലേഖ.