കിളിമാനൂർ പാപ്പാലയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചതിൽ മുഖ്യപ്രതിയായ നെയ്യാറ്റിൻകര സ്വദേശി വിഷ്ണുവിനെ അപകടമുണ്ടായ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പാപ്പാലയിലെ രണ്ടിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നടപടികൾ വേഗത്തിലാക്കി പൊലീസ് സംഘം മടങ്ങുകയായിരുന്നു.
ഈമാസം നാലിനാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളായ രജിത്തിനെയും അംബികയെയും പാപ്പാലയ്ക്ക് സമീപം ജീപ്പിടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂണും തകർത്ത് ജീപ്പ് മുന്നോട്ട് നീങ്ങി. നിർത്താതെ പാഞ്ഞ ജീപ്പ് അഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോള്‍ നാട്ടുകാർ തടയുകയായിരുന്നു. വാഹനത്തിൽ നിന്നും മദ്യ ലഹരിയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ അന്നേദിവസം പൊലീസ് സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. വാഹനത്തില്‍ നിന്നും പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയിരുന്നു.
സാരമായി പരുക്കേറ്റ് ചികിൽസയിലിരിക്കെ മൂന്നാം ദിവസം രജിത്തിന്‍റെ ഭാര്യ അംബിക മരിച്ചു. ഉന്നതരെ സംരക്ഷിക്കാന്‍ കിളിമാനൂർ പൊലീസ് ശ്രമിച്ചുവെന്ന് കാട്ടി രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമ്മര്‍ദങ്ങളെ തുടര്‍ന്ന് അംബികയുടെ മരണത്തിന് ശേഷം പൊലീസ് നരഹത്യാ വകുപ്പ് കൂടി ചുമത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ചികില്‍സയിലായിരുന്ന രജിത്തും മരിച്ചു. വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രജിത്തിന്‍റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നില്‍ എം.സി റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ആദര്‍ശിനെ പൊലീസ് പിടികൂടി. വിഷ്ണുവിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിന്‍റെ അടുത്തദിവസം പാറശ്ശാലയില്‍ നിന്നും വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിമാന്‍ഡിലായിരുന്ന വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പാപ്പാലയിലെ രണ്ടിടങ്ങളിലായി തെളിവെടുപ്പിന് എത്തിക്കുകയായിരുന്നു. ദമ്പതികളുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ അന്വേഷണത്തില്‍ വീഴ്ച തെളിഞ്ഞതിനെത്തുടര്‍ന്ന് കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.വിഷ്ണുവില്‍ മാത്രം കേസൊതുക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും ജീപ്പിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് മരിച്ച ദമ്പതികളുടെ ബന്ധുക്കളുടെ ആവശ്യം.