car-drugs

കാറില്‍ രഹസ്യ അറയുണ്ടാക്കിയുള്ള ലഹരികടത്ത് കേസില്‍ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജ് കുട്ടിയെയാണ് തിരുവനന്തപുരം സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2019 ല്‍ ഇരുപത് കിലോയിലധികം ഹഷീഷ് ഓയില്‍, 220 ഗ്രാം ചരസ്, രണ്ടരക്കിലോ ഗ്രാം കഞ്ചാവ് എന്നിവയാണ് ജോര്‍ജ് കുട്ടിയില്‍ നിന്നും എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. 

അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണറായിരുന്ന ടി.അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി നിരവധി ലഹരിമരുന്ന് കേസിലും ക്രിമിനല്‍ കേസുകളിലും ജോര്‍ജ് കുട്ടി പ്രതിയാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഇടനിലക്കാരായ കച്ചവടക്കാര്‍ക്ക് എത്തിക്കുന്നതിനായി കാറില്‍ ഒളിപ്പിച്ച ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിക്ക് ഇരുപത് കോടിയുടെ മൂല്യമുണ്ടെന്നായിരുന്നു കണക്കാക്കിയത്. 

ഏറ്റുമാനൂര്‍, കോട്ടയം, എറണാകുളം ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടും പൊലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളുണ്ടായതിനെത്തുടര്‍ന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. പഠനത്തിനെത്തിയ മലയാളി വിദ്യാര്‍ഥികളെ ഉള്‍പ്പെടെ സംഘത്തില്‍ ഇടപാടുകാരാക്കി. എറണാകുളത്ത് നിന്നും പഴയ കാര്‍ വാങ്ങിയ ജോര്‍ജ് കുട്ടി ആക്രിക്ക് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്‍റെ രേഖകളും നമ്പര്‍ പ്ലേറ്റും ഈ കാറില്‍ ഘടിപ്പിച്ചായിരുന്നു ലഹരി ഇടപാട്. തേനിയിലെത്തിച്ചാണ് കാറില്‍ രഹസ്യ അറയുണ്ടാക്കി ലഹരി ഒളിപ്പിച്ച് കടത്താന്‍ തുടങ്ങിയത്. ഈമട്ടില്‍ ലഹരികടത്തുന്നതിന് ഇടയിലാണ് എക്സൈസിന്‍റെ പിടിയിലായത്.

തെളിവെടുപ്പിന് അന്വേഷണസംഘം ബെംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണസംഘത്തെ വെട്ടിച്ച് കടന്നു. 26–ാം ദിവസം വണ്ടൂരിലെ ഭാര്യാ വീട്ടില്‍ നിന്നും പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ജോര്‍ജ് കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഈസമയം കൈവശമുണ്ടായിരുന്ന ഒരു കിലോ ഹഷീഷ് കണ്ടെടുത്തതില്‍ പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ ബെംഗളൂരു കോടതി ആറ് മാസം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ഇതിന് പിന്നാലെയാണ് കാറിലെ രഹസ്യ അറയിലെ ലഹരികടത്ത് കേസിലെ കഠിനതടവും പിഴയും ശിക്ഷ. 

ENGLISH SUMMARY:

Georgekutty has been sentenced to 26 years imprisonment and a fine of two lakh rupees for drug smuggling using a secret compartment in his car. The case involved the seizure of over 20 kilograms of hashish oil, 220 grams of charas, and 2.5 kilograms of ganja.