തൃശൂര്‍ അരിമ്പൂരില്‍ ഉല്‍സവത്തിനിടെ കാലില്‍ ചവിട്ടിയ പതിനാറുകാരനെ ലഹരിസംഘം ക്രൂരമായി മര്‍ദിച്ചു. തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്തിക്കാട് പൊലീസ് നാലു യുവാക്കളെ അറസ്റ്റ് ചെയ്തു.
ജനുവരി അഞ്ചിനായിരുന്നു ഈ അക്രമം. അരിമ്പൂരില്‍ ഉല്‍സവത്തിനിടെ ബാന്‍ഡ് സെറ്റിനൊപ്പം ചുവടുവച്ചപ്പോള്‍ പതിനാറുകാരന്‍ ലഹരി സംഘത്തിലൊരാളുടെ കാലില്‍ ചവിട്ടി. കാലില്‍ ചവിട്ടിയതിനു പിന്നാലെ തര്‍ക്കമുണ്ടായി. ഇതിനു ശേഷം പതിനാറുകാരനെ വിജനമായ പാടത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ടായിരുന്നു മര്‍ദനം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ചു. അന്തിക്കാട് പൊലീസ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പതിനാറുകാരന്‍റെ മൊഴിയെടുത്തു. കണ്ടാലറിയാവുന്ന നാലു യുവാക്കളെ പ്രതിയാക്കി കേസെടുത്തു. നാലു പേരേയും പിടികൂടാന്‍ അന്തിക്കാട് പൊലീസ് ശ്രമിക്കുന്നതിനിടെ ഇവര്‍ മുങ്ങി. അന്തിക്കാട് പൊലീസ് നാലു പേരെയും നാടകീയമായി പിടികൂടി. അരിമ്പൂര്‍ സ്വദേശികളായ ശ്രീഷ്ണവ്, ശ്രീഹരി, രാജേഷ്, സ്മിജിന്‍ എന്നിവരാണ് പിടിയിലായത്. നാലു പേരും ഇരുപതു വയസിനു താഴെയുള്ളവരാണ്.
കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയുടെ അനുയായികളാണ് ഈ അക്രമം നടത്തിയവര്‍. അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കോള്‍പാടങ്ങള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ ലഹരിസംഘം സജീവമാണ്. വലിയ പൊലീസ് സ്റ്റേഷന്‍ പരിധി ആയതുക്കൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടം കിട്ടുന്നുമില്ല. പെരിങ്ങോട്ടുക്കരയില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമായിട്ട് നാളേറെയായി. ഇതുവരെയും സ്റ്റേഷന്‍ വന്നില്ല. പൊലീസ് പട്രോളിങ് സംഘത്തിന്‍റെ എണ്ണം കൂട്ടണമെന്ന് സംസ്ഥാന ഇന്‍റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.