തമിഴ്നാട് പെരമ്പലൂരിൽ കുപ്രസിദ്ധ റൗഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻ ബോംബെറിഞ്ഞു. ആക്രമണത്തിൽ മൂന്ന് പൊലിസുകാർക്ക് പരുക്കേറ്റു. അക്രമി സംഘത്തിന് നേരെ പൊലിസ് വെടിയുതിർത്തു. അന്വേഷണത്തിന് അഞ്ച് സംഘങ്ങൾ രൂപീകരിച്ചതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മധുര സ്വദേശിയും കുപ്രസിദ്ധ റൗഡിയുമായ വെള്ളൈ കാളിയെ കൊലപ്പെടുത്താനിയിരുന്നു ശ്രമം. കൊലപാതക കേസിൽ പുതുക്കോട്ട കോടതിയിൽ ഹാജരാക്കിയ ശേഷം വെള്ളൈ കാളിയുമായി ചെന്നൈ പുഴൽ ജയിലിലേക്ക് വരികയായിരുന്നു പൊലിസ് സംഘം. പെരമ്പലൂർ തിരുമന്തുറൈ ടോൾ ഗേറ്റിന് സമീപം വാഹനം നിർത്തി ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
രണ്ട് കാറുകളിലായി എത്തിയ സംഘം നാടൻ ബോംബെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലിസ് തിരികെ വെടിയുതിർത്തതോടെ സംഘം രക്ഷപ്പെട്ടു. പൊലിസ് സംഘത്തിലുണ്ടായിരുന്ന എഎസ്ഐ രാമചന്ദ്രൻ, പൊലിസുകാരായ ഗിരീഷ് കുമാർ, മരുതുപാണ്ടി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പെരമ്പലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം സഞ്ചരിച്ച ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.