ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്നും തനിക്കൊപ്പം മറ്റാരും ജീപ്പിലുണ്ടായിരുന്നില്ലെന്നും ഡ്രൈവർ വിഷ്ണു. ഒളിവിലായിരുന്ന വിഷ്ണുവിനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അപകടത്തിന് ശേഷം നാട്ടുകാരുടെ ആക്രമണം ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും വെളിപ്പെടുത്തിയത്. മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്നും ജീപ്പിലുണ്ടായിരുന്ന മറ്റ് ഉന്നതരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നും മരിച്ച അംബികയുടെയും രജിത്തിന്‍റെയും ബന്ധുക്കള്‍.
ഈമാസം മൂന്നിന് കിളിമാനൂര്‍ പാപ്പാലയിലുണ്ടായ വാഹനാപകടം. അമിതവേഗതയിലെത്തിയ ജീപ്പ് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ച് വീഴ്ത്തി. ജീപ്പ് പിന്നിലേക്കെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അംബികയുടെ ശരീരത്തിലൂടെ ടയര്‍ കയറി. സാരമായി പരുക്കേറ്റ അംബികയും രജിത്തും ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ജീപ്പോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു നാട്ടുകാരുടെയും മരിച്ച ദമ്പതികളുടെ ബന്ധുക്കളുടെയും പരാതി.
നാട്ടുകാര്‍ പിടികൂടി കൈമാറിയ വിഷ്മുവിനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ വിഷ്ണുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കഴിഞ്ഞദിവസം വിഷ്ണു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെ രാവിലെ പാറശ്ശാലയില്‍ നിന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിനെ പിടികൂടിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരെയും നിമയത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ദമ്പതികളുടെ ബന്ധുക്കള്‍.
പൊലീസ് വീഴ്ച ആരോപിച്ച് രജിത്തിന്‍റെ മൃതദേഹവുമായി സമരം ചെയ്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത് വിവാദത്തിന് വഴിവച്ചിരുന്നു. ഒളിവില്‍ പോയ വിഷ്ണുവിനെ പിടികൂടാത്തതിലും നടപടിയിലെ വീഴ്ചയും കണക്കിലെടുത്ത് കിളിമാനൂർ ഇൻസ്പെക്ടർ, എസ്.ഐ, ഗ്രേഡ് എസ്.ഐ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.