യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ പതിനേഴുകാരി, മൈമൂന (51), ഇബ്രാഹിം സജ്‌മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52) എന്നിവരെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.
കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.
തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു ലക്ഷം വേണമെന്ന് പറഞ്ഞു. പണം നൽകാമെന്ന ഉറപ്പിൽ സംഘത്തെ ചക്കരക്കല്ലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചക്കരക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.