ഇടുക്കി ഏലപ്പാറയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പൂഞ്ഞാർ സ്വദേശി ബാബു കുര്യാക്കോസാണ് പിടിയിലായത്. കാലങ്ങളായി ഏലപ്പാറ കോഴിക്കാനംകാരുടെ ഉറക്കം കെടുത്തിയ പ്രതിയാണ് പിടിയിലായത്. എസ്റ്റേറ്റിലെ ക്ഷേത്രങ്ങളും പള്ളിയുടെ കുരിശടിയും വീടുകളിലും അതിക്രമിച്ച് കടന്ന് പണവും സ്വർണ്ണവും കവരുന്നതായിരുന്നു ബാബുവിന്റെ രീതി.
പരാതിപ്പെട്ടിട്ടും പൊലീസിന് പ്രതിയെ കുറിച്ച് സൂചനകൾ കിട്ടിയിരുന്നില്ല. തിങ്കളാഴ്ച രാത്രി വീണ്ടും മോഷണം നടന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി കുടുങ്ങിയത്. മോഷണം നടത്തിയ ശേഷം ഇയാൾ തമിഴ്നാട് ബസിൽ കയറി രക്ഷപ്പെട്ടു. തേനി കമ്പം തുടങ്ങിയ മേഖലകൾ കേന്ദ്രിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കമ്പത്തെ ലോഡ്ജിൽ നിന്നും പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി. ഇയാൾക്ക് കൂടുതൽ മോഷണങ്ങളിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം ബാബുവിനെ റിമാൻഡ് ചെയ്തു