തിരുവനന്തപുരം പൂന്തുറയിലെ അമ്മയും മകളും ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തിന്‍റെ പേരില്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. സ്ത്രീധനം പോരെന്ന് പറഞ്ഞ് മകളുടെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്നണ് അമ്മയുടെ പേരിലുള്ള ആത്മഹത്യാകുറിപ്പിലുള്ളത്. ഇന്നലെയാണ് കമലേശ്വരത്തെ വീടിനുള്ളിൽ സജിത, മകൾ ഗ്രീമ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് കുറിപ്പില്‍ ആരോപണങ്ങള്‍ നീളുന്നത്. ആത്മഹത്യ ചെയ്യുന്നതിന് കാരണം മകളുടെ ഭർത്താവാണ്. ആറു വർഷമായി വിവാഹം കഴിഞ്ഞിട്ട്. 25 ദിവസം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. എന്‍റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്. മോൾ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു, മതിയായി എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 200 പവൻ സ്ത്രീധനമായി നൽകി. വസ്തുവും വീടും ഉൾപ്പെടെയുള്ള വലിയ തോതില്‍ സ്ത്രീധനം നൽകിയാണ് വിവാഹം കഴിപ്പിച്ചയച്ചത്. എന്നിട്ടും സ്ത്രീധനം പോരാ എന്ന് പറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചു. ആത്മഹത്യ ചെയ്യുന്നത് സയനൈഡ് കഴിച്ചാണെന്നും കുറിപ്പിലുണ്ട്.
ആത്മഹത്യാ കുറിപ്പ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമായി അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. "സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നു" എന്ന സന്ദേശം ഗ്രൂപ്പിൽ കണ്ട ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും പൊലീസും സ്ഥലത്തെത്തി. വീടിന്‍റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് സോഫയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച നിലയിലുള്ള അമ്മയുടെയും മകളുടെയും മൃതദേഹങ്ങളാണ്.
കുടുംബനാഥന്‍റെ മരണം മൂന്ന് മാസം മുൻപായിരുന്നു. ഇതിന്‍റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തമായിരുന്നില്ല. സാധാരണക്കാർക്ക് ലഭിക്കാൻ പ്രയാസമുള്ള സയനൈഡ് ഇവർക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചതിൽ സയനൈഡ് കൈകാര്യം ചെയ്യുന്ന ജോലികളുമായി ആർക്കും ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.