മലപ്പുറം വാണിയമ്പലത്ത് കൊല്ലപ്പെട്ട പതിനഞ്ചുകാരിയുടെ സ്കൂള്‍ ബാഗ്
മലപ്പുറം കരുവാരക്കുണ്ടില്‍ ഇന്നലെ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 17 കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. ബലാല്‍സംഗത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ പതിനാറുകാരനാണ് പ്രതി. പെണ്‍കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പതിനാറുകാരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ ബാഗില്‍ ഉണ്ടായിരുന്ന വസ്ത്രം ഉപയോഗിച്ച് കൈകള്‍ മുന്നിലാക്കി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയാണ് മൃതദേഹം പൊലീസിന് കാണിച്ചുകൊടുത്തത്. പൊലീസ് പതിനാറുകാരനുമായി സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. റെയില്‍വേ ട്രാക്കിന് സമീപം കാടുമൂടിയ സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. സ്കൂള്‍ ബാഗും ചെരുപ്പുകളും പരിസരത്ത് കിടപ്പുണ്ടായിരുന്നു.
രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കണ്ടില്ലെന്ന് ഉറ്റവര്‍ പറയുന്നു. വൈകിട്ട് പതിവുസമയത്ത് തിരിച്ചെത്താതിരുന്നതോടെ അന്വേഷണമായി. അപ്പോഴാണ് പെണ്‍കുട്ടി രാവിലെ സ്കൂളില്‍ എത്തിയിരുന്നില്ല എന്നറിഞ്ഞത്. ആശങ്കയിലായ വീട്ടുകാരും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. തിരച്ചിലും തുടങ്ങി. കരുവാരക്കുണ്ടിലും പരിസരങ്ങളിലുമെല്ലാം രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Read More: മലപ്പുറത്ത് പതിനഞ്ചുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കിനരികിലിട്ടു
വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ ഓണ്‍ ആയി. അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു. താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് പെണ്‍കുട്ടി പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വീടിനടുത്തെത്താറായെന്നായിരുന്നു മറുപടി. പിന്നീട് ഫോണില്‍ കിട്ടിയിട്ടില്ല. ഫോണ്‍ വന്നതിനുപിന്നാലെ വീട്ടുകാരും പൊലീസും പരക്കംപാഞ്ഞെങ്കിലും ഫലമുണ്ടായില്ല.
മലപ്പുറം വാണിയമ്പലത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ട സ്ഥലത്ത് തിരച്ചില്‍ നടത്തുന്ന പൊലീസുകാര്‍
പൊലീസ് പലരോടും സംസാരിച്ചു. ഒടുവില്‍ അതേ സ്കൂളിലെ വിദ്യാര്‍ഥിയായ പതിനാറുകാരനില്‍ കണ്ണുടക്കി. പെണ്‍കുട്ടിയെ പിറകേനടന്ന് ശല്യം ചെയ്തതിന് രണ്ടുതവണ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടിയുമായി വാണിയമ്പലത്തേക്ക് പോയെന്ന് മൊഴി നല്‍കിയത്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ബലാല്‍സംഗം നടന്നെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും ഇയാള്‍ സമ്മതിച്ചു.
വാണിയമ്പലത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍
പൊലീസ് പ്രതിയുമായി അതിവേഗം കൃത്യം നടന്ന സ്ഥലത്തെത്തി. കരുവാരക്കുണ്ടില്‍ നിന്ന് പത്തുകിലോമീറ്ററിലേറെ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ബൈക്കില്‍ റെയില്‍വേ ട്രാക്കിനരികില്‍ എത്തിയശേഷം അവിടെ നിന്ന് നടന്നുവന്നിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത ദുര്‍ഘടമായ സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്.