പുതുവത്സര തലേന്ന് തൃക്കരിപ്പൂരിലെ ഹോട്ടലിൽ ഉണ്ടായ അക്രമത്തിൽ ഹോട്ടൽ ജീവനക്കാർക്കെതിരെയും കേസ്. ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. സംഘമായി എത്തി ഹോട്ടൽ അടിച്ചു തകർത്തതിൽ അറസ്റ്റിലായ പ്രതിയുടെ പരാതിയിലാണ് കേസ്.
ഇക്കഴിഞ്ഞ പുതുവൽസരദിനത്തിൽ തൃക്കരിപ്പൂരിലെ ഹോട്ടലിൽ ഉണ്ടായ അക്രമത്തിലാണ് വഴിത്തിരിവ്. ഭക്ഷണം കഴിക്കാൻ എത്തിയ പയ്യന്നൂർ കാരയിലെ 4 യുവാക്കൾ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തപ്പോൾ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചു എന്ന പരാതിയിലാണ് നടപടി. ഹോട്ടൽ ജീവനക്കാരായ ശിഹാബ്, അബ്ദു, ബിട്ടു അലി എന്നിവർക്കെതിരെയും കണ്ടാൽ അറിയുന്ന 17 പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.
ഹോട്ടൽ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ എ ശ്രീജിത്തിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ ഹോട്ടൽ ഉടമക്കും ജീവനക്കാർക്കും അനുകൂലമായ വിഡിയോ മാത്രമാണ് പുറത്തുവിട്ടത് എന്ന് മുമ്പേതന്നെ ആരോപണം ഉണ്ടായിരുന്നു. ഹോട്ടലിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് പോലീസിന്റെ നടപടി. സംഭവദിവസം ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത പയ്യന്നൂർ സ്വദേശികളായി നാലു പേരെ ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. പിന്നാലെയാണ് മടങ്ങിപ്പോയ സംഘം കൂടുതൽ ആളുകളുമായി ഹോട്ടൽ ആക്രമിച്ചത്.