എട്ടു വർഷമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് 40കാരിയായ സുമിത്ര ചൗഹാനെ ഭര്‍ത്താവ് മഹാരാജ യശ്വന്ത്റാവു കൊലപ്പെടുത്തിയത്. ഇൻഡോറിലെ ഏറോഡ്രോം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഒന്‍പതിനാണ് സുമിത്ര ചൗഹാൻ കൊല്ലപ്പെട്ടത്.
മെക്കാനിക്കായ ഭർത്താവ് മാധവ് തന്നെയാണ് ഭാര്യയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഭാര്യ വീണു മരിച്ചുവെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആശുപത്രിയിൽ മൃതദഹം എത്തിച്ചത്. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സംഭവിച്ചത് ശ്വാസം മുട്ടിച്ചാണെന്ന് കണ്ടെത്തിയതോടെ ഭർത്താവിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു. പിന്നാലെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ വികാരാധീനനായ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ എട്ട് വർഷമായി ഭാര്യ തന്നെ ശാരീരിക ബന്ധത്തിന് അനുവദിക്കാറില്ല, ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ മൊഴി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.