AI Generated Image
18കാരനൊപ്പം ഇറങ്ങിപ്പോയ 16കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി കുടുംബം. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലാണ് സ്വന്തം ചോരയും കുടുംബം കൊന്നുകത്തിച്ചത്. കാസ്‌ഗഞ്ചിലെ ദോൽന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ല ധാക്കി ഗ്രാമത്തിലാണ് സംഭവം.
സച്ചിൻ എന്ന 18-കാരനായ അയൽവാസിക്കൊപ്പം പെൺകുട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട് വിട്ട് ഓടിപ്പോയത്. പിന്നാലെ ഇവരെ തിരക്കി പെണ്‍കുട്ടിയുടെ വീട്ടുകാരും ഇറങ്ങി. ശനിയാഴ്ച വൈകുന്നേരം ആഗ്രയിൽ വെച്ച് പെൺകുട്ടിയുടെ വീട്ടുകാർ കമിതാക്കളെ കണ്ടെത്തുകയും നിർബന്ധപൂർവ്വം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
ഗ്രാമത്തിലെത്തിച്ച ശേഷം ഇരുവരെയും രണ്ട് മുറിയിലാക്കി ക്രൂരമായി മർദിച്ചു. മർദനമേറ്റ പെൺകുട്ടി ശനിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടു. ഇവരുടെ വീട്ടിലെ ബഹളം ശ്രദ്ധിച്ച അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ ഏകദേശം നാലു മണിയോടെ, വീട്ടുകാർ പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ എത്തിച്ച് രഹസ്യമായി ദഹിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് അവിടെ എത്തിയ പൊലീസ് കത്തുന്ന ചിതയിൽ വെള്ളമൊഴിച്ച് അണച്ചു. പെൺകുട്ടിയുടെ പാതി വെന്ത മൃതദേഹമാണ് ചിതയ്ക്ക് പുറത്തെടുക്കാനായത്. ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കൊലപാതക കുറ്റത്തിന് പെൺകുട്ടിയുടെ കുടുംബത്തിലെ ഒന്‍പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഒളിവിലാണ്. ഇവർക്കായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. പെണ്‍കുട്ടിയടെ കാമുകനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.