കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് കൊലപാതകവും ആത്മഹത്യയുമെന്ന് നിഗമനം. ഇടുക്കിക്കാരിയായ ഷേർലി മാത്യുമാണ് കൊല്ലപ്പെട്ടത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയയെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
കാഞ്ഞിരപ്പള്ളി കുളപ്പുറത്താണ് ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി മാത്യുവും കോട്ടയം താഴത്തങ്ങാടി ആലുംമൂട് സ്വദേശി ജോബ് സക്കറിയയും താമസിച്ചിരുന്നത്. ഷേർലി മാത്യുവിനെ ഇന്നലെ രാത്രി മറ്റൊരാൾ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. ഷേർലിയെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, ജോബ് സ്റ്റെയർകേയ്സിൽ തുങ്ങി മരിച്ച നിലയിലുമായിരുന്നു. ഷേർലിയെ കൊലപ്പെടുത്തി ജോബ് ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. നാട്ടുകാരുമായി ഇവർക്ക് അടുപ്പം ഇല്ലായിരുന്നു.
ഭർത്താവ് മരിച്ചതിനെ തുടർന്ന് ഏഴുമാസം മുമ്പ് ചങ്ങനാശ്ശേരിയിൽ നിന്നാണ് ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്. ജോബും ഷേർലിയോടൊപ്പം താമസിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതിന്റെ കാരണം വ്യക്തമല്ല. ജോബ് നേരത്തെ കോട്ടയത്ത് ട്യൂഷൻ സെൻ്റർ നടത്തിയിരുന്നു.