TOPICS COVERED

ഡൽഹിയിലെ ഷാലിമാർ ബാഗിൽ 44 കാരി വെടിയേറ്റു മരിച്ചു. ഷാലിമാർ ബാഗ് നിവാസിയായ രചന യാദവ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ രചന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായതാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

രാവിലെ 10.59 ഓടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ റോഡിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രചന. അന്വേഷണത്തിൽ, അയൽവാസിയെ കണ്ട ശേഷം മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ രചനയെ തടഞ്ഞുനിർത്തുകയായിരുന്നു. അവരിൽ ഒരാൾ പേര് ചോദിച്ചു. രചനയാണെന്ന് ഉറപ്പിച്ചതിന് ശേഷം അക്രമി തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് കൂട്ടാളിയുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

2023 ൽ രചനയുടെ ഭര്‍ത്താവ് വിജേന്ദ്ര യാദവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. രചനയുടെ കൊലപാതകത്തിന് വിജേന്ദ്രയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുത്. വിജേന്ദ്രയുടെ കൊലക്കേസ് നിലവിൽ വിചാരണയിലാണ്. കേസിലെ പ്രധാന പ്രതി ഭരത് യാദവ് ഇപ്പോഴും ഒളിവിലാണ്. മുൻ വൈരാഗ്യം മൂലമാണ് ഭരത് യാദവ് വിജേന്ദ്രയെ കൊലപ്പെടുത്തുന്നത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.

ഭർത്താവിന്റെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയാണ് രചന. അതുകൊണ്ടു തന്നെ കേസ് ദുർബലപ്പെടുത്താനും മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അച്ഛനെ കൊന്നവര്‍ തന്നെയാണ് തന്‍റെ അമ്മയേയും കൊലപ്പെടുത്തിയതെന്ന് രചനയുടെ മകള്‍ കനിക ഉറച്ചുപറയുന്നു. രചനയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. ഒരാള്‍ വിവാഹിതയാണ്. ഇളയ മകൾ രചനയ്ക്ക് ഒപ്പമായിരുന്നു താമസം.

ENGLISH SUMMARY:

A 44-year-old woman, Rachna Yadav, was shot dead at point-blank range in Delhi's Shalimar Bagh on January 10, 2026. As a key witness in her husband's 2023 murder trial, police suspect a revenge killing to silence her testimony. Investigations are underway to catch the bike-borne assailants.